ന്യൂഡല്‍ഹി: ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഹോശി അവധിക്കു ശേഷം പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ആണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. പരീക്ഷകള്‍ ആരംഭിക്കുന്ന സമയമായതിനാല്‍ ഹരജി ഉടന്‍ പരിഗണിക്കണമെന്ന് അദ്ദേഹം വാദിച്ചു. കര്‍ണാടക ഹൈക്കോടതി വിധി നിരവധി വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി.
ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളായ നിബ നാസ്, ഐഷ ശിഫാത് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നിരോധനം ശരിവെച്ചത്.
ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.