ഹിജാബ് വിലക്ക്: അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

0
375

ന്യൂഡൽഹി: ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിഷയം തുടർച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റർ ജനറൽ ആരോപിച്ചു. ഇതോട് ‘മിസ്റ്റർ സോളിസിറ്റർ ജനറൽ, കാത്തിരിക്കൂ. വിഷയത്തെ സെൻസീറ്റീവാക്കരുത്’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ‘ഈ പെൺകുട്ടികൾ… അവരുടെ പരീക്ഷ 28 മുതലാണ്. അവരെ സ്‌കൂളുകളിൽ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഒരു വർഷം പോകും’ – എന്നാണ് കാമത്ത് പറഞ്ഞത്.

നേരത്തെ, ഹോളി അവധിക്കു ശേഷം മാർച്ച് 16ന് കേസ് പരിഗണിക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിധിക്കെതിരെ ഉഡുപ്പി കുന്ദാപുരയിലെ പിയു കോളജ് വിദ്യാർത്ഥി ആഷിഫ ഷിഫത് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാർച്ച് 15നാണ് കർണാടക ഹൈക്കോടതി ഫുൾബഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിലെ മുസ്ലിം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയായിരുന്നു കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here