സൗജന്യ ചികിത്സയുമായി ഐ.കെ. അബ്ദുൽ റഹ്മാൻ ഹെൽത്ത് സെൻറർ

0
146

കുമ്പള: രോഗികൾക്ക് സൗജന്യ ചികിത്സയുമായി ഇച്ചിലമ്പാടി ചെക്ക് പോസ്റ്റിൽ ഐ.കെ. അബ്ദുൽ റഹ്മാൻ മെമ്മോറിയൽ ഹെൽത്ത് സെന്‍റർ ഞായറാഴ്ച പ്രവർത്തനമാരംഭിക്കും. ഐ.കെ. അബ്ദുൽ റഹ്മാൻ സ്മാരക ട്രസ്റ്റിന്‍റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന സംരംഭം രാവിലെ 10ന്​ എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംരംഭത്തിന്‍റെ സേവനങ്ങൾ സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കുമ്പള മഹാത്മ കോളജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിയായിരിക്കെ 2006 മാർച്ച് ഒമ്പതിന് അപകടത്തിൽ മരിച്ച ഐ.കെ. അബ്ദുൽ റഹ്മാന്‍റെ പേരിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് രൂപവത്കരിച്ചതാണ് ഐ.കെ. അബ്ദുൽ റഹ്മാൻ സ്മാരക ട്രസ്റ്റ്. അദ്ദേഹത്തിന്‍റെ സഹോദരനും പ്രമേഹരോഗ വിദഗ്ധനുമായ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെയുടെ നേതൃത്വത്തിലാണ് ഹെൽത് സെന്‍റർ പ്രവർത്തിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിനു ശേഷം പതിനൊന്നു മുതൽ രണ്ടു വരെയും തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും സൗജന്യ ചികിത്സ ലഭിക്കും. ഞായറാഴ്ചകളിൽ രക്തപരിശോധനയും രക്തസമ്മർദം, കൊഴുപ്പ് നിരീക്ഷണങ്ങളും സൗജന്യമായി നടത്തും. മരുന്നുകളും സൗജന്യമായിരിക്കും.

ക്യാമ്പിലേക്ക്​ 8289881103, 7904886103 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാം.

വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ. അബ്ദുൽ ഖാദർ തോട്ടുങ്കര, ഐ.കെ. ഉമറുൽ ഫാറൂഖ്, മഹാത്മ കോളജ് പ്രിൻസിപ്പാൾ കെ.എം.എ സത്താർ, മുൻ അധ്യാപകൻ ഇബ്രാഹിം ഖലീൽ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here