കോഴിക്കോട്: സി.പി.ഐ.എം സെക്രട്ടേറിയേറ്റിലേയും സംസ്ഥാന കമ്മിറ്റിയിലെയും സ്ത്രീ പ്രാതിനിധ്യത്തെ വിമര്‍ശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ സി.പി.ഐ.എം ഇനിയും വരില്ലേ എന്ന് തഹ്‌ലിയ പരിഹസിച്ചു.
‘സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.ഐ.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴി,’ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.
സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, കെ.പി.മേരി, സി.എസ്. സുജാത, ജെ.മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍.സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.