സുധാകരൻ്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷ, ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല; പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

0
264

ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഭീഷണി മുഴക്കി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.

ചെറുതോണിയില്‍ ഒരു പരിപാടിക്കിടെയാണ് സി.വി. വര്‍ഗീസിന്റെ വിവാദ പ്രസ്താവന. ‘പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്‍കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല’, വര്‍ഗീസ് പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസ്-സിപിഎം പോര് രൂക്ഷമായിരുന്നു. കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകിരിച്ച് കെ. സുധാകരന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രകോപനത്തിന് ഒരു കാരണം.

ധീരജിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത കെ. സുധാകരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ എന്ന പേരില്‍ സിപിഎം ചെറുതോണിയില്‍ പ്രതിഷേധ സംഗമവും നടത്തിയിരുന്നു. ഈ പരിപാടിയിലാണ് സുധാകരന് ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here