ന്യൂ ഡല്‍ഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയില്ലെന്ന് ആവർത്തിച്ച് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. അടൂർ പ്രകാശ് എം.പിയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1000 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ സാമ്പത്തിക- സാങ്കേതിക വശങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ അംഗീകാരം നല്‍കൂ എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പദ്ധതിക്കായി കേരളം സമര്‍പ്പിച്ചിരിക്കുന്ന ഡി.പി.ആര്‍ അപൂര്‍ണമാണ്. അതിനാല്‍ വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 33,700 കോടി രൂപയുടെ വായ്പ ബാധ്യത എന്നത് പരിശോധിക്കണമെന്നും അശ്വനി വൈഷ്ണവ് അടൂർ പ്രകാശിന് നല്‍കിയ മറുപടിയില്‍ പറയുന്നു.
സിൽവർലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്നും പദ്ധതിക്കായി തിരക്ക് കൂട്ടേണ്ട, അനുമതി നൽകുന്നതിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും റെയിൽവേ മന്ത്രി നേരത്തെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.