അഗര്‍ത്തല: ത്രിപുര ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് മത്സരിച്ചതിനെ തുടര്‍ന്ന് ബിജെപി പാനലിന് കനത്ത തിരിച്ചടി. 15ല്‍ 10 സ്ഥാനങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറം എന്ന പേരിലാണ് സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചത്. സെക്രട്ടറി, പ്രസിഡന്റ് എന്നീ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വൈസ് പ്രസിഡന്റ്, അസി. സെക്രട്ടറി തുടങ്ങിയ അഞ്ച് സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി പാനലായ ഐന്‍ജീബി ഉന്നയാന്‍ മഞ്ചാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്.
ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്ന് ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നതിനിടെയാണ് ബാര്‍ അസോസിയേഷനിലെ ഞെട്ടിക്കുന്ന തോല്‍വി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിയമമന്ത്രി രത്തന്‍ ലാല്‍ നാഥിനെതിരെ ബിജെപി അനുഭാവികള്‍ രംഗത്തെത്തി. തോല്‍വിക്ക് ഉത്തരവാദി നിയമമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതിയിലടക്കം കഴിവില്ലാത്തവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും നിയമിച്ചെന്നും ഇടതുവിരുദ്ധരും കഴിവുള്ളവരുമായ അഭിഭാഷകരെ തഴഞ്ഞുവെന്നും ആരോപണമുയര്‍ന്നു.
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടത്. കഴിവുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തതിലുള്ള പ്രതിഷേധമാണ് പരാജയത്തിന് കാരണമെന്നും ബിജെപി അനുഭാവികള്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിനെ മുന്‍ സര്‍ക്കാര്‍ പുറത്തുനിന്ന് കൊണ്ടുവന്നു. ഈ സര്‍ക്കാറും അതുതന്നെയാണ് ചെയ്തതെന്നും ആരോപണമുയര്‍ന്നു.