‘സന്തോഷം തരുന്നില്ലെങ്കിലും ശരിയായ തീരുമാനം’: വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

0
313

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍(2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി.

ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്‍റെ നേട്ടം. 2006ല്‍ വിദര്‍ഭയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്‍റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം. 2011ല്‍ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ശ്രീശാന്ത് അവസാന ടെസ്റ്റും കളിച്ചത്. ടെസ്റ്റ് ടീമിലെത്തുന്നതിന് മുമ്പെ ഏകദിനത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ശ്രീശാന്ത് 2005ല്‍ ശ്രീലങ്കക്കെതിരെ ആണ് ഏകദിന ടീമില്‍ അരങ്ങേറിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീസാന്തിന്‍റെ അവസാന ഏകദിനവും.

2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്സില്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയ ശ്രീശാന്ത് 2008ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലാണ് അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ പാക് ബാറ്റര്‍ മിസ്ബാ ഉള്‍ ഹഖിനെ ഷോട്ട് ഫൈന്‍ ലെഗ്ഗില്‍ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്‍റെ ദൃശ്യം ആരാധകര്‍ക്ക് ഇന്നും ആവേശം നല്‍കുന്ന ഓര്‍മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here