വസ്തുതാപരമായി പിശകുള്ള വിധി; ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ഫാത്തിമ തഹ്‌ലിയ

0
240

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്നും വസ്തുതാപരമായി പിശകുകളുള്ള വിധിയാണിതെന്നും തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘ഹിജാബ് ഇസ്‌ലാം മതത്തിന്റെ നിര്‍ബന്ധ ആചാരമല്ല എന്ന കണ്ടെത്തലില്‍ നിന്നാണ് ഇത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്. അങ്ങനെയെങ്കില്‍ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്.

ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമര്‍ശിക്കപ്പെടുക തന്നെ വേണം,’ തഹ്‌ലിയ പറഞ്ഞു.

ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു.

ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ‘പൊതു സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍’ സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്

മംഗളൂരുവിലും മാര്‍ച്ച് 15 മുതല്‍ 19 വരെ വലിയ കൂട്ടായ്മകള്‍ നിരോധിച്ചിട്ടുണ്ട്. ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here