മൊഹാലി: രവീന്ദ്ര ജഡേജയുടെ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം, വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലെയുടെ പിന്നിലെത്തുന്നു, ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ രോഹിത് ശര്‍മയുടെ അരങ്ങേറ്റം, വിരാട് കോലിയുടെ നൂറാം ടെസ്റ്റ്… എന്നിങ്ങനെ ഒരുപാട് സവിശേഷതകളാല്‍ നിറഞ്ഞ മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. പുറത്താവാതെ 175 റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍ : ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അടുത്ത ടെസ്റ്റ് ഈമാസം 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.
സ്പിന്‍ കെണിയില്‍ വീണ് ലങ്ക
രണ്ടാം ഇന്നിംഗ്‌സിലും അത്ര നല്ല തുടക്കമല്ലായിരുന്നു ശ്രീലങ്കയ്ക്ക്. 45 റണ്‍സിന് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ലാഹിരു തിരിമാനെയെ (0) അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ പതും നിസ്സങ്കയേയും (6) അശ്വിന്‍ മടക്കി. അടുത്തത് മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നയെ (27) ആയിരുന്നു ഷമിയുടെ ഇര. പേസറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു കരുണാരത്‌നെ. പിന്നാലെ ജഡേജയും ഒരു വിക്കറ്റ് നേടി. ധനഞ്ജയ ഡിസില്‍വ (30) ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ചരിത് അസലങ്കയെ (20) മടക്കിയയച്ച് അശ്വിന്‍ മധ്യനിരയുടെ തകര്‍ച്ച പൂര്‍ണമാക്കി. പിന്നീട് ലങ്ക ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ഡെനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0), ലാഹിരു കുമാര (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. നിരോഷന്‍ ഡിക്ക്‌വെല്ല 51 റണ്‍സോടെ പുറത്താവാതെ നിന്നു. ജഡേജയും അശ്വിനും നാല് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍, ശേഷിക്കുന്ന രണ്ട് വിക്കറ്റ് ഷമി നേടി.
ലങ്കയെ തകര്‍ത്തത് ജഡേജയുടെ വിരുത്
ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ (28), നിരോഷന്‍ ഡിക്ക്വെല്ല (2), സുരംഗ ലക്മല്‍ (0), വിശ്വ ഫെര്‍ണാണ്ടോ (0), ലാഹിരു കുമാര (0) എന്നിവരെയാണ് ജേഡജ പുറത്താക്കിയത്. അവസാന അഞ്ച് താരങ്ങള്‍ രണ്ടക്കം പോലും കണ്ടില്ല. 61 റണ്‍സെടുത്ത പതും നിസ്സങ്ക പുറത്താവാതെ നിന്നു. ലാഹിരു തിരിമാനെ (17), ധനഞ്ജയ ഡിസില്‍വ (1) എന്നിവരെ പുറത്താക്കി അശ്വിനും വിക്കറ്റ് കോളത്തില്‍ ഇടം നേടി. എയ്ഞ്ചലോ മാത്യൂസ് (22), ചരിത് അസലങ്ക (29) എന്നിവരുടെ നിര്‍ണായക വിക്കറ്റുകലാണ് ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്. ലസിത് എംബുള്‍ഡെനിയയെ (0) മടക്കിയയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയായി.
ബാറ്റിംഗിലും താരം ജഡ്ഡു തന്നെ
മൊഹിലിയില്‍ ജഡേജയുടെ ദിവസമായിരുന്നു. 228 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. അശ്വിനൊപ്പം 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയര്‍ത്തിയത്. അശ്വിന്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റണ്‍സെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അശ്വിന്‍. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യന്‍ സ്‌കോര്‍ 550 കടത്തി.
പന്തിന്റെ കൗണ്ടര്‍ അറ്റാക്ക്
റിഷഭ് ഒരിക്കല്‍കൂടി കൗണ്ടര്‍ അറ്റാക്കുമായി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. കോലി മടങ്ങിയ ശേഷം ശ്രേയസ് അയ്യര്‍ക്കും മുകളില്‍ അഞ്ചാമനായിട്ടാണ് പന്ത് ക്രീസിലെത്തുന്നത്. ഇതിനോടകം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ എംബുള്‍ഡെനിയയുടെ ആക്രമണം ചെറുക്കുകയെന്നതായിരുന്നു ലക്ഷ്യം. പന്ത് ആക്രമിച്ച് കളിച്ചതോടെ ശ്രീലങ്കയുടെ താളം തെറ്റി. എങ്ങനെ ഫീല്‍ഡൊരുക്കുമെന്നുള്ള ആശയകുഴപ്പമായി. ഇതിനിടെ അയ്യരെ (27) മടക്കി അയക്കാന്‍ അവര്‍ക്ക് സാധിച്ചു. ധനഞ്ജയ ഡിസില്‍വയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 റണ്‍സ് പന്തിനൊപ്പം കൂട്ടിചേര്‍ത്താണ് അയ്യര്‍ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയത് ജഡേജ. രണ്ട് ഇടങ്കയ്യന്‍മാരും ലങ്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 104 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പന്തിനെ സെഞ്ചുറി തികകയ്ക്കാന്‍ സുരംഗ ലക്മല്‍ സമ്മതിച്ചില്ല. 96ല്‍ നില്‍ക്കെ പന്തിനെ ബൗള്‍ഡാക്കി. ഒന്നാംദിനം അവസാനിക്കുന്നത് മുമ്പ് ലങ്ക ആഗ്രഹിച്ച വിക്കറ്റ് സ്വന്തമാക്കി.
നിരാശയോടെ തുടക്കം
രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. ആറ് ബൗണ്ടറികള്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ കുമാരയുടെ ബൗണ്‍സല്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ലെഗില്‍ സുരംഗ ലക്മലിന് ക്യാച്ച്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്കിനൊപ്പം 52 രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വൈകാതെ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എംബുല്‍ഡെനിയയാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ കോലി- വിഹാരി സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വിഹാരി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തൊട്ടുപിറകെ കോലി ബൗള്‍ഡായി. എംബുല്‍ഡെനിയയാണ് സവിശേഷ ടെസ്റ്റില്‍ കോലിയെ മടക്കിയത്. അധികം വൈകാതെ വിഹാരിയും ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. തുടരെ രണ്ട് വിക്കറ്റ് പോയിരിക്കെയാണ് പന്ത്- ശ്രേയസ്, പന്ത്- ജഡേജ കൂട്ടുകെട്ടുകള്‍ ഇന്ത്യക്ക് തുണയായത്.
ഇതിഹാസങ്ങള്‍ക്കൊപ്പം കോലിയും
ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സായപ്പോഴാണ് കോലി ടെസ്റ്റില്‍ 8000 റണ്‍സ് നേടിയത്. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ തന്നെ ഇത്രയും റണ്‍സ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം.
മൂന്ന് സ്പിന്നര്‍മാര്‍
മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഹനുമ വിഹാരിയെത്തി. അജിന്‍ക്യ രഹാനെയുടെ സ്ഥാത്ത് ശ്രേയസ് അയ്യര്‍ തിരിച്ചെത്തി. രോഹിത്, കോലി എന്നിവരെ കൂടാതെ മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍.
ടീമുകള്‍
ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.
ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.