നാദാപുരം∙ മൂന്നര പതിറ്റാണ്ടിനു ശേഷം ആദ്യമായി നാദാപുരം പള്ളിയിൽ സ്ത്രീകൾക്ക് ഇന്നലെ പ്രവേശനാനുമതി ലഭിച്ചതോടെ വൻ തിരക്ക്. സമീപ ജില്ലകളിൽ നിന്നടക്കം സ്ത്രീകളുടെ പ്രവാഹമായതോടെ പലർക്കും പള്ളിക്കകത്തേക്ക് കയറാൻ പോലും കഴിയാതെ മടങ്ങേണ്ടി വന്നു. ഇതു കാരണം ഇന്നും സ്ത്രീകൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി പള്ളി കമ്മിറ്റി സെക്രട്ടറി സി.വി.സുബൈർ ഹാജി അറിയിച്ചു.
ഇന്നലെ രാവിലെ 9 മുതൽ 5 വരെയായിരുന്നു സന്ദർശനാനുമതി. രാവിലെ 8 നു മുൻപ് പള്ളിയുടെ നാലു ഭാഗത്തു കൂടിയും സ്ത്രീകൾ എത്തിത്തുടങ്ങി. 3 നിലകളുള്ള വിശാലമായ പള്ളി പലപ്പോഴും നിറഞ്ഞു. ജനപ്രവാഹം റോഡിലേക്കു നീണ്ടതോടെ ഗതാഗതക്കുരുക്കിൽ നാദാപുരം വീർപ്പുമുട്ടി. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തിരക്ക് നിയന്ത്രിച്ചത്.
വൈകിട്ടോടെ തിരക്ക് കൂടി. പല തവണ പള്ളിയുടെ കവാടങ്ങൾ അടച്ചിടേണ്ടി വന്നു. മുദരീസ് കെ.കെ.കുഞ്ഞാലി മുസല്യാർ, ഖാസി മേനക്കേത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. 1986ൽ ആണ് ഏറ്റവുമൊടുവിൽ പള്ളിയിൽ സ്ത്രീകളുടെ സന്ദർശനം നടന്നത്.