മീഡിയ വൺ ചാനലിന് സംപ്രേഷണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

0
230

ദില്ലി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്ഥാപനമെന്ന നിലക്ക് മീഡിയ വണ്ണിന് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം എതിർ സത്യവാങ്ങ്മൂലം ഫയൽ ചെയ്യാം, നേരത്തെ സമർപ്പിച്ച രേഖകൾ പരാതിക്കാർക്ക് കൈമാറാമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 26ന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.

വിധിയെ മീഡയ വൺ സ്വാഗതം  ചെയ്തു. വൈകാതെ തന്നെ ചാനൽ ഓൺ  എയറിലെത്തുമെന്ന് ചാനലിന്‍റെ എഡിറ്റർ പ്രമോദ് രാമൻ പ്രതികരിച്ചു.

കേസിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ എന്തായിരുന്നുവെന്നാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്.  പതിനൊന്ന് വർഷമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയാണ് ചാനലെന്നും നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here