മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല: വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത, മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

0
200

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക. തലക്ക് വെട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗൺസിലർ അബ്ദുൾ ജലീല്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്. വ്യാഴാഴ്ച  രാത്രിയിലാണ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്.

പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗൺസിലറാണ്. കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിൻ്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here