മഞ്ചേശ്വരം കോഴക്കേസ്; മൊബൈല്‍ ഹാജരാക്കാതെ സുരേന്ദ്രന്‍, കുറ്റപത്രവുമായില്ല, ആശങ്കയെന്ന് സുന്ദര

0
232

കാസര്‍കോട്: കെ സുരേന്ദ്രന പ്രതിയായ മ‍ഞ്ചേശ്വരം കോഴക്കേസില്‍ ഒരു വർഷം ആകാറായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. ജില്ലാ ക്രൈംബ്രാഞ്ചാണ് മഞ്ചേശ്വരം കോഴക്കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കോഴയുടെ വിവരം സുന്ദര വെളിപ്പെടുത്തിയത്. വര്‍ഷം ഒന്നാകാറായെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസിന്‍റെ മെല്ലെപ്പോക്കിൽ അതൃപ്തനെന്ന് കോഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേസില്‍ മുഖ്യ പ്രതി. ഇദ്ദേഹം അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍ ഉപയോഗിച്ച പ്രധാന തെളിവായ സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ കെ സുരേന്ദ്രന് നോട്ടീസ് നല്‍കിയെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും എസ്‍സി എസ്ടി വകുപ്പുകള്‍ കൂടി ചുമത്തണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അറിവ്. ഇതില്‍ തട്ടിയാണോ കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നത് എന്ന സംശയമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here