ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ക്ക് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. പന്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കും. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി തീരുമാനിച്ചതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. പുതിയ നിയമങ്ങള്‍ ഈവര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി.
ക്രിക്കറ്റില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. മങ്കാദിങ്ങിനെ എതിര്‍ത്തും പിന്തുണച്ചും വലിയ ചര്‍ച്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകത്ത് നടന്നത്. ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.
പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിംഗ് ആദ്യമായി പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിന് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേര് നല്‍കിയതിനെ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പടെ നിരവധി പേര്‍ എതിര്‍ത്തിരുന്നു. വിനൂ മങ്കാദിനെ അപമാനിക്കുന്നതിന് തുല്യമാണിത് എന്നായിരുന്നു ഗാവസ്‌കറുടെ വാദം.
ഉമിനീരിന് വിലക്ക്
എംസിസിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് പന്തില്‍ ഉമിനീര് ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. പന്തില്‍ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിര്‍നീര്‍ പ്രയോഗം ഒക്‌ടോബര്‍ മുതല്‍ കണക്കാക്കും. കൊവിഡ് മഹാമാരിക്കാലത്ത് ക്രിക്കറ്റ് പുനരംരാഭിച്ചപ്പോള്‍ ഐസിസി പന്തില്‍മേലുള്ള ഉമിനീര്‍ പ്രയോഗം വിലക്കിയിരുന്നു. പുതിയ നിയമഭേദഗതിയോടെ ഇത് തുടരും.
മറ്റ് സുപ്രധാന മാറ്റങ്ങള്‍ കൂടി ക്രിക്കറ്റില്‍ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് നടപ്പാക്കാനൊരുങ്ങുകയാണ്. ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക. മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മൈതാനത്ത് പ്രവേശിച്ചാലും മറ്റെന്തെങ്കിലും തടസമുണ്ടായാലും അംപയര്‍ ഡെഡ് ബോള്‍ വിളിക്കും.
ബൗളര്‍ റണ്ണപ്പ് തുടങ്ങുമ്പോള്‍ ബാറ്ററുടെ സ്റ്റാന്‍സ് എവിടെയെന്നത് പരിഗണിച്ചായിരിക്കും വൈഡ് ബോള്‍ വിളിക്കുക. പന്ത് നേരിടാന്‍ ബാറ്ററെ ക്രീസ് വിടാന്‍ നിര്‍ബന്ധിക്കുന്ന ബോളുകള്‍ നോബോളായിരിക്കും. ഫീല്‍ഡര്‍മാര്‍ അന്യായമായി സ്ഥാനം മാറിയാല്‍ ബാറ്റിംഗ് ടീമിന് 5 പെനാല്‍റ്റി പോയിന്‍റുകള്‍ ഇനിമുതല്‍ ലഭിക്കും. ഇത്രനാള്‍ ഡെഡ് ബോളായാണ് ഇത് പരിഗണിച്ചിരുന്നത്.