പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കില്ല: കര്‍ണാടക സര്‍ക്കാര്‍

0
296

ബെംഗളൂരു: കര്‍ണാടകയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)യെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഉടന്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംഘടനകളെയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.

കര്‍ണാടകയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുസംഘടനകളെയും നിരോധിക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് സര്‍ക്കാറിന്റെ തീരുമാനം.

കഴിഞ്ഞ മാസം ഷിവമോഗയില്‍ വെച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള ആവശ്യം ശക്തമായത്.

‘പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും പി.എഫ്.ഐയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐ ഒരു രാഷ്ട്രീയ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ഇരുസംഘടനകളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍,’ ജ്ഞാനേന്ദ്ര പറഞ്ഞു.

അതേസമയം, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനായ ദര്‍ശയുടെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും, ലോക്കല്‍ പൊലീസിന്റെ അന്വേഷണം കഴിഞ്ഞാലുടന്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ഏല്‍പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കാണിച്ച് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുള്ളത്. കണ്ണുകൊണ്ട് നേരിട്ട് കാണുന്നതിലും കൂടുതലായി ഗൂഢാലോചനയും മറ്റുമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞമാസം 20നായിരുന്നു ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനായ ദര്‍ശ കൊല്ലപ്പെടുന്നത്. ഷിവമോഗയില്‍ നടന്ന അക്രമങ്ങള്‍ക്കിടയിലായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സര്‍ക്കാര്‍ ഇയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here