പഞ്ചാബിന് ശേഷം ആം ആദ്‍മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഈ സംസ്ഥാനങ്ങള്‍

0
372

ദില്ലി: പഞ്ചാബിലെ മിന്നും ജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആം ആദ്‍മി പാര്‍ട്ടി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. രാജ്യത്തെമ്പാടും ആം ആദ്‍മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്‍മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തും ഹിമാചല്‍ പ്രദേശും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങളാണെന്ന് അക്ഷയ് മറാത്തെ പറഞ്ഞു. ഈ സംസ്ഥാനങ്ങലേക്ക് പ്രവര്‍ത്തകരെ അയക്കുകയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തീര്‍ച്ചയായും വലിയ പ്രതിഫലനം അവിടങ്ങളില്‍ ഉണ്ടാക്കാനാവും. തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത രണ്ട്  പാര്‍ട്ടികളില്‍ നിന്ന് ഒരെണ്ണത്തിനെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍. ഇതാദ്യമായാണ് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള ഒരു ബദല്‍ ജനങ്ങള്‍ കാണുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ പാര്‍ട്ടികള്‍ ഞങ്ങളുടെ സാന്നിദ്ധ്യം പോലും അംഗീകരിക്കുകയോ ഞങ്ങളെ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആം ആദ്‍മി പാര്‍ട്ടി തൂത്തുവാരി. എല്ലാ അവഗണനകളും സഹിച്ചുകൊണ്ടാണ് ആം ആദ്‍മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കഠിനാധ്വാനം ചെയ്‍തത്.  ഞങ്ങളുടെ പ്രവര്‍ത്തനം ഇപ്പോള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നതായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവൻ അധികാരത്തിലെത്തും, ആപ്പിന്റെ രാഷ്ട്രീയം സ്നേഹത്തിന്റേത്: കെജ്‌രിവാൾ
ദില്ലി : രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ പാർട്ടികൾ തന്നെ അപമാനിച്ചുവെന്നും ഇവർക്ക് സ്നേഹത്തിന്റെ ഭാഷയിലാണ് മറുപടി നൽകിയതെന്നും കെജ്രിവാൾ പറഞ്ഞു. സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.  ദില്ലിയിൽ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിൽ തോറ്റ കോൺഗ്രസ്, അകാലിദൾ നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

അംബേദ്കറും ഭഗത്സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമ്പോൾ യാഥാർത്ഥ്യമാകുന്നത്. ആം ആദ്മി പാർട്ടി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. താൻ ഭീകരവാദിയെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ജനം അത് തള്ളിക്കളഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ച്ഛന്നിയെ തോൽപ്പിച്ചത് മൊബൈൽ റിപ്പയർ ചെയ്യുന്ന കടയുടമയാണെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. സ്ത്രീകളെയും യുവാക്കളെയും തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ച അദ്ദേഹം സാധാരണക്കാരുടെ ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യുകയും ജനങ്ങളുടെ വിശ്വാസം തകർക്കില്ലെന്നും പറഞ്ഞു

പഞ്ചാബിൽ തൂത്തുവാരിയ ആം ആദ്മി പാർട്ടി 117 സീറ്റുകളിൽ 90 ഇടത്ത് മുന്നേറ്റം തുടരുന്നു. പ്രമുഖരെല്ലാം വീണതോടെ കോൺഗ്രസ് 20 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മൻ ലീഡ് 50,768 ഉയർത്തിയാണ് വിജയം നേടിയത്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ സ്ഥിരീകരിച്ചു. ഭഗവന്ത് മനിന്റെ ചിത്രം പങ്കുവെച്ചാണ് അരവിന്ദ് കെജ്രിവാൾ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന ആദ്യ പ്രഖ്യാപനം ഭഗവന്ത് മാൻ നടത്തിക്കഴിഞ്ഞു. അതേ സമയം, പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദില്ലിയിലെ ഹനുമാൻ ക്ഷേത്രത്തിലും കെജ്രിവാൾ ദർശനം നടത്തി. മനീഷ് സിസോദിയക്കും സത്യേന്ദ്ര ജയിനും ഒപ്പമാണ് അദ്ദേഹം ക്ഷേത്ര സന്ദർശനത്തിനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here