കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് കാറിലും ബൈക്കിലുമായി കോളജിലെത്തി ആഘോഷ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികളോടും, അവരുടെ രക്ഷിതാക്കളോടും, കോളജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാകാന്‍ കോഴിക്കോട് ആര്‍.ടി.ഒ നിര്‍ദ്ദേശം നല്‍കി.
കാറിലും ബൈക്കിലുമായി കോളജിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ ആഘോഷ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഹെല്‍മറ്റ് ധരിക്കാതെയും, മൂന്ന് പേരുമായെല്ലാമാണ് ഇരു ചക്രവാഹനങ്ങളിലെ പ്രകടനം നടന്നത്. അനുമതി ഇല്ലാതെയാണ് വിദ്യാര്‍ത്ഥിനികള്‍ കോളജില്‍ പരിപാടി നടത്തിയതെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
നിയമലംഘനങ്ങള്‍ പരിശോധിച്ച് പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. കര്‍ശന നടപടി എടുക്കും. അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിച്ച വിദ്യാര്‍ത്ഥികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യും.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിരു കടന്നുള്ള ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സ്‌കൂള്‍ കോളജ് അധികൃതര്‍ കര്‍ശനമായി ഇടപെടണമെന്ന് കോഴിക്കോട് ആര്‍.ടി.ഒ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും, മുക്കം എം.ഇ.എസ് കോളജിലും സമാനമായ രീതിയില്‍ പരിപാടികള്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കേസെടുത്തിട്ടുണ്ട്.