ഗാന്ധി കുടുംബത്തിൽ വിശ്വാസമെന്ന് പ്രവർത്തക സമിതി,​ കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും

0
268

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദൽ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.

ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ടിങ് നടന്നു. നേതാക്കളിൽ ഭൂരിഭാഗവും ചർച്ചകളിൽ പങ്കെടുത്തു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. ഏപ്രിലിൽ ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. പാർട്ടിക്ക് അതിൻ്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.

സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തൻ ശിബിർ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകൾ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.

രാജി അഭ്യൂഹം പരന്നത് ഇന്നലെ

നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍  പ്രിയങ്ക ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍  സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും അദൃശ്യ നിയന്ത്രണം നടത്തുന്ന രാഹുല്‍ഗാന്ധിയും പിന്മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച എഐസിസി പ്രചാരണവിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ബിജെപിക്കായി ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുകയാണെന്ന് ആരോപിച്ചു. റിപ്പോര്‍ട്ടുകളോട് ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. അന്‍പത്തിനാലംഗ വിശാല പ്രവർത്തക സമിതിയില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരാണ്. അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നാടകീയ നീക്കമാണോയെന്ന സംശയം ഗ്രൂപ്പ് 23 ഉന്നയിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി നാളെ പ്രവര്‍ത്തക സമിതിക്കെത്തുക. നേതൃമാറ്റ ആവശ്യം ശക്തമാക്കിയതിനൊപ്പം സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടരുന്നതിനെയും നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമതര്‍ക്കൊപ്പം സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമായെന്ന് കമല്‍നാഥിനെ പോലുള്ള വിശ്വസ്തരും വിമര്‍ശിക്കുമ്പോള്‍ ഗാന്ധി കുടുംബം കടുത്ത പ്രതിസന്ധിയില്‍ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here