കൂടുതൽ ശാഖകൾ കേരളത്തിലും കർണാടകയിലും; പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളെന്ന് ആർഎസ്എസ്

0
347

അഹമ്മദാബാദ്: രാജ്യത്ത് ആർ എസ് എസിന് കൂടുതൽ ശാഖകൾ ഉള്ളത് കേരളത്തിലും കർണാടകയിലുമെന്ന് സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ. അഖില ഭാരതീയ പ്രതിനിധി സഭയുടെ ആദ്യദിവസം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. അറുപതിനായിരത്തോളം ശാഖകളിൽ പങ്കെടുക്കുന്നവരിൽ 61 ശതമാനം അംഗങ്ങളും വിദ്യാർഥികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളിലോ, കോളേജുകളിലോ പഠിക്കുന്ന വിദ്യാർഥികളാണ് ശാഖകളിൽ പങ്കെടുക്കുന്നതെന്നാണ് മന്‍മോഹന്‍ വൈദ്യ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ 98 ശതമാനം ശാഖകളും കൃത്യമായി ചേരുന്നുണ്ടെന്നും ആർ എസ് എസ് നേതാവ് കൂട്ടിച്ചേർത്തു.
“കേരളം, കര്‍ണാടകം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ശാഖകള്‍ കൂടുതലുള്ളത്. രാജ്യത്തെ 2303 പട്ടണങ്ങളിൽ 95 ശതമാനത്തിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്” മൻമോഹൻ വൈദ്യ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ശാഖകളിൽ കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിൽ നിന്ന് ചെറുപ്പക്കാർക്ക് സംഘത്തോട് ആഭിമുഖ്യം ഏറുന്നതായി മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് എസ് ത്രിദിന അഖില ഭാരതീയ പ്രതിനിധി സഭ കർണാവതി തീർത്ഥധാം പ്രേരണാ പീഠത്തിലെ നിഷ്‌കളങ്ക നാരായണ സത്സംഗ ഹാളിലാണ് നടക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ അമൃതോത്സവം, 2025ൽ സംഘ സ്ഥാപനത്തിന്‍റെ നൂറാം വർഷം എന്നിവ മുൻനിർത്തിയുള്ള പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകും.

2025നു മുമ്പ് രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കലാണ് പ്രതിനിധിസഭയുടെ ഒരു അജന്‍ഡ. പത്തു മുതല്‍ 12 വരെ ഗ്രാമങ്ങള്‍ ചേരുന്നതാണ് ഒരു മണ്ഡലം. പ്രതിനിധി സഭയിൽ കേരളത്തിൽ നിന്ന് 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിനിധി സഭ നാളെ വൈകീട്ടാണ് സമാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here