കാറും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പാലക്കാട്ട് പിടിയിലായ മൂന്നുപ്രതികളെയും കവര്‍ച്ച നടന്ന ഉപ്പളയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

0
249

കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മുംബൈയിലെ ചന്ദ്രകാന്ത തിമ്മപ്പ പൂജാരി (40), കര്‍ണാടക മാണ്ട്യയിലെ ആനന്ദന്‍ (27), ഉഡുപ്പിയിലെ രക്ഷക് പുജാരി (22) എന്നിവരെ കവര്‍ച്ച നടന്ന സോങ്കാലിലെ എം.ജി അബ്ദുല്ലയുടെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കേസില്‍ പാലക്കാട്ടെ ജയിലില്‍ കഴിയുന്നതിനിടെയാണ് മൂന്ന് പ്രതികളുടെ അറസ്റ്റ് ഉപ്പള കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് കുമ്പള അഡീഷണല്‍ എസ്.ഐ പി. രാജീവ് കുമാര്‍ രേഖപ്പെടുത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് കാര്‍ കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. അവിടെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഉപ്പളയിലെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്. കേസില്‍ നേരത്തെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സോങ്കാലിലെ എം.ജി അബ്ദുല്ലയുടെ വീട്ടില്‍ ജനുവരി 24നാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആറംഗ സംഘം അലമാര തുറന്ന് രണ്ട് വാച്ചുകളും 20 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. അലമാരയുടെ താക്കോല്‍ വീട്ടിനകത്തുണ്ടായിരുന്നു. ഇത് കൈക്കലാക്കിയാണ് മോഷണം നടത്തിയത്. തുടര്‍ന്ന് വീട്ട് മുറ്റത്ത് നിര്‍ത്തിട്ട ഫോര്‍ച്യൂണര്‍ കാറും കവര്‍ച്ച ചെയ്യുകയായിരുന്നു. കവര്‍ന്ന കാര്‍ പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here