വാഹനത്തിൽ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച് യുവതിയെ ട്രാക്ക് ചെയ്ത കാമുകൻ ചെന്നു പെട്ടത് അപ്രതീക്ഷിത സംഭവങ്ങളിൽ. കാറിന്റെ ചക്രത്തിലാണ് ഉപകരണം ഘടിപ്പിച്ച് യുവതി എവിടെയൊക്കെ പോകുന്നുവെന്ന് കാമുകൻ മനസ്സിലാക്കിയത്. ലൊക്കേഷൻ ട്രാക്കിംഗിനായി ആപ്പിളിന്റെ ഇലക്ട്രോണിക് വാച്ചാണ് യുവാവ് ഉപയോഗിച്ചത്. ഒരു തേഡ് പാർട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് വാച്ചിന്റെ ലൊക്കേഷൻ ഇയാൾ പരിശോധിച്ചിരുന്നത്. അതു വഴിയാണ് ഇയാൾ തന്റെ കാമുകി എവിടെയൊക്കെ പോകുന്നതെന്ന് മനസ്സിലാക്കിയിരുന്നത്.
യുവാവ് തന്റെ കാമുകിയെ വധിക്കുമെന്ന് ഒന്നിലധികം തവണ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ യുവതി പതിവായി കുടുംബ സുരക്ഷാ കേന്ദ്രം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ പിന്നാലെ കാമുകനും ഇവിടെയെത്തി. യുവതിക്ക് വധഭീഷണിയുള്ളതിനാൽ സുരക്ഷാ കേന്ദ്രത്തിന്റെ സെക്യൂരിറ്റി ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അധികം താമസിയാതെ ഇവിടെയെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ ടെന്നിസിയിലെ നാഷ്‌വിൽ സ്വദേശി 29 കാരനായ ലോറൻസ് വെൽചിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈഫ് 360 എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇയാൾ തന്റെ കാമുകിയെ ട്രാക്ക് ചെയ്തിരുന്നത്. താനും കാമുകനായ വെൽചും പരസ്പരം ലൊക്കേഷനുകൾ നിരീക്ഷിക്കാനായി ലൈഫ് 360 എന്ന ആപ്പ് ഉപയോഗിച്ചിരുന്നതായി യുവതി പറഞ്ഞു. എന്നാൽ കുടുംബ സുരക്ഷാ കേന്ദ്രത്തിലേക്ക് വരുമ്പോൾ താൻ ഈ ആപ്പ് ഓഫ് ചെയ്യാറുണ്ട്. ഇങ്ങനെ ലൊക്കേഷൻ ഓഫാകുന്ന സമയങ്ങളിൽ കാമുകൻ തന്റെ ലൊക്കേഷൻ അയക്കാനും അയാളെ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അവർ പൊലീസിനോട് പറഞ്ഞു.
കാമുകിയുടെ ഫോണിലെ ആപ്ലിക്കേഷൻ ഓഫായാലും വാച്ചിന്റെ സഹായത്തോടെ യുവാവിന് അവരുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ സാധിക്കുമായിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം യുവതിക്കു പിന്നാലെ സുരക്ഷാ കേന്ദ്രത്തിലെത്തിയ വെൽച് കെട്ടിടത്തിലേക്ക് പോകുന്നതിനു പകരം കാമുകിയുടെ കാറിന്റെ വീൽ പരിശോധിക്കുകയുണ്ടായി. ഇതോടെയാണ് പൊലീസിന് സംശയമുണ്ടായത്. ഇതോടെ പൊലീസ് കാറ് പരിശോധിക്കുകയും വീലിൽ നിന്ന് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച വാച്ച് കണ്ടെടുക്കുകയുമായിരുന്നു.