സ്വകാര്യ ജീവിതത്തിന് ഒരു വയസുകാരൻ തടസം; അമിതമായി ഭക്ഷണം വായിൽ കുത്തി നിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

0
419

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ അന്വേഷണം നടത്തുകയായിരുന്നു.

നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട്  സ്വദേശിനിയാണ് ഗീത. രണ്ടു തവണ വിവാഹിതയാണ് ഗീത. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. അവിടെയൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോസി ചെയ്യുകയായിരുന്നു ഇയാള്‍.

ഗീത ഒരു വയസ് പ്രായമുള്ള മകന്‍ നിതിനുമായി ഊട്ടിയിലുമായിരുന്നു താമസം. കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് ഫെബ്രുവരിയില്‍ ഗീത ആശുപത്രി അധികൃതരെ അറിയിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്‍കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വിശദമായി. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്‍റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

ഇതോടെയാണ് പൊലീസ് ഗീതയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകന്‍ തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സ്വാഭാവിക മരണമെന്ന തോന്നിപ്പിക്കുന്നതിനായിരുന്നു കുഞ്ഞിന്‍റെ വായില്‍ ഭക്ഷണം കുത്തി നിറച്ചതെന്നും ഇവര്‍ മൊഴിയില്‍ വിശദമാക്കിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here