ഒടുവില്‍ ബിസിസിഐ വഴങ്ങി; കോലിയുടെ നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും

0
305

മൊഹാലി: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും. മൊഹലിയില്‍ നാലിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക( India vs Sri Lanka) ടെസ്റ്റിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ(BCCI) സെക്രട്ടറി ജയ് ഷാ(Jay Shah) വ്യക്തമാക്കി.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ ഇത് അംഗീകരിച്ചു.

ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ്  തീരുമനമെടുത്തത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും വിരാട് കോലിയുടെ 100ാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡിസിനെതിരായ ഏകദിന പരമ്പര കാണികളെ പ്രവേശിപ്പിക്കാതെയാണ് നടത്തിയത്. എന്നാല്‍ കൊല്‍ക്കത്തയിലും ധരംശാലയിലും നടന്ന ടി20 മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ലഖ്നൗവില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ടി20ക്ക് കാണികളെ പ്രവേശിപ്പിക്കാതിരുന്നത് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നതിനാലാണ്. ഇന്ത്യയുടെ ചാമ്പ്യന്‍ ക്രികറ്ററായ വിരാട് കോലിയുടെ നൂറാം ടെസ്റ്റിനായി എല്ലാ ആശംസകളും നേരുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി.

കോലിയുടെ നൂറാം ടെസ്റ്റിന് കാണികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് ഇന്ന് ജസ്പ്രീത് ബുമ്ര പ്രതികരിച്ചിരുന്നു. കാണികള്‍ മത്സരങ്ങള്‍ കാണാനെത്തുന്നത് കളിക്കാര്‍ക്ക് ഊര്‍ജ്ജം പകരുമെങ്കിലും അതില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കുന്നത് തങ്ങളല്ലെന്നും ബുമ്ര പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളൂവെന്നും ബുമ്ര വ്യക്തമാക്കിയിരുന്നു.

കോലിയുടെ നൂറാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചത് കോലി-ബിസിസിഐ ശീതസമരത്തിന്‍റെ ഭാഗമാണെന്ന് വ്യാഖ്യാനമുണ്ടായിരുന്നു. രണ്ടാം ടെസ്റ്റ് നടക്കുന്ന ബംഗലൂരുവില്‍ കാണികളെ പ്രവേശിപ്പിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പരിക്കുമൂലം ഒരു ടെസ്റ്റില്‍ നിന്ന്  കോലി വിട്ടുനിന്നത് നൂറാം ടെസ്റ്റ് ബംഗലൂരുവില്‍ കളിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബിസിസിഐ മൊഹാലിയാണ് വേദിയായി നിശ്ചയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here