ഒടുവില്‍ കോവിഡ് കോളര്‍ട്യൂണ്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

0
220

ന്യൂഡല്‍ഹി:’കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും’ കഴിഞ്ഞ കുറച്ചുകാലമായി എല്ലാവരും ഫോണിൽ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. കോവിഡ് മഹാമമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍ സന്ദേശം അവസാനിപ്പിക്കാന്‍ പോകുകയാണ്. കോവിഡിന്റെ തുടക്കത്തില്‍ എല്ലാവര്‍ക്കും കുറച്ച് കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഫോണ്‍വിളികള്‍ക്ക് ഇതൊരു അരോചക സന്ദേശമായി മാറിയിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെ രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് അവബോധ സന്ദേശം നിര്‍ത്താലാക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. ഉടന്‍ തന്നെ ഇത് നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്​​ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും വാക്‌സിനേഷനും തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സന്ദേശങ്ങളും ഇത്തരത്തില്‍ കേള്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here