ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിനെ (പി എസ് എൽ) ഐ പി എൽ പോലെ മികച്ചതാക്കുന്നതിന് വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നിലവിൽ ഐ സി സിയിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റും പി എസ് എല്ലിൽ നിന്നുള്ള വരുമാനവും മാത്രമേയുള്ളൂവെന്നും അതിനാൽ തന്നെ പി എസ് എല്ലിന്റെ നിലവാരം കൂട്ടേണ്ടത് പി സി ബിയുടെ നിലനിൽപ്പിന്റെ കൂടെ ആവശ്യമാണെന്ന് റമീസ് രാജ പറഞ്ഞു.
ആദ്യ ഘട്ടമായി ഐ പി എല്ലിലെ പോലെ കളിക്കാരെ ലേലം വിളിക്കാനാണ് പി സി ബി ഉദ്ദേശിക്കുന്നത്. പി എസ് എല്ലിൽ നിലവിൽ കളിക്കാരെ ടീമുകൾ തിരഞ്ഞെടുക്കുന്നത് ഡ്രാഫ്‌റ്റ് സംവിധാനം വഴിയാണ്. അത് ഒഴിവാക്കി കളിക്കാരെ ഇന്ത്യയിലേത് പോലെ ലേലം വിളിച്ചാൽ വരുമാനം വർദ്ധിക്കുമെന്നാണ് റമീസ് രാജയുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം ടീമുകൾക്ക് ഓരോ സീസണിലും ചെലവഴിക്കാനുള്ള തുക ഉയർത്താനും പദ്ധതിയുണ്ട്. ഈ മാറ്റങ്ങളെല്ലാം വരുത്തി കഴിഞ്ഞാൽ പാകിസ്ഥാൻ സൂപ്പർ ലീഗ് ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി മാറുമെന്നും അതിനു ശേഷം ഇന്ത്യയിൽ കളിക്കാൻ ആരും താത്പര്യം കാണിക്കില്ലെന്നും റമീസ് രാജ പറഞ്ഞു.
ലോകത്ത് ഔദ്യോഗികമായി ആരംഭിച്ച ആദ്യ ക്രിക്കറ്റ് ലീഗ് ആണ് ഐ പി എൽ. അതിനു ശേഷമാണ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗും വെസ്റ്റിൻഡീസിലെ കരിബീയൻ ക്രിക്കറ്റ് ലീഗും പാകിസ്ഥാനിലെ പി എസ് എല്ലും ആരംഭിക്കുന്നത്. എന്നാൽ ഇവയ്ക്കൊന്നും ഐ പി എല്ലിന്റെ താരപ്പകിട്ടും വരുമാനവുമൊന്നും നേടിയെടുക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് ഇപ്പോഴും ഐ പി എല്ലിൽ പങ്കെടുക്കാൻ ക്രിക്കറ്റ് താരങ്ങൾ താത്പര്യം കാണിക്കുന്നത്.