കാസര്‍കോട്: ഉപ്പള സോങ്കാലിൽ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര താനാ വെസ്റ്റ് യശോദനഗറിലെ ബാലനാരായണനെ(52)യാണ് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൂട്ടിയിട്ട വീട്ടില്‍ നിന്നും മോഷണം പോയ ഫോര്‍ചുണര്‍ കാര്‍ മഹാരാഷ്ട്രയില്‍ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് സംഘം കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മോഷണ സംഘം മാറ്റിയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിന്‍കുമാറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലനാരായണന്‍ അറസ്റ്റിലായത്.
അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ട വെസ്റ്റ് മുംബൈയിലെ ചന്ദ്രകാന്ത (42), കര്‍ണാടക ഉഡുപ്പിയിലെ രക്ഷക് (26), കര്‍ണാടക മാണ്ട്യയിലെ ആനന്ദ (27), കൊച്ചി പാലാരിവട്ടത്തെ അബ്ദുല്‍ ജലാല്‍ എന്ന ഹിദായത്തുള്ള, ഉപ്പള ഭഗവതിഗേറ്റിലെ നിതിന്‍ കുമാര്‍(48), ബാലനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും കാറും വാച്ചും മറ്റും കവര്‍ച്ച ചെയ്തത്. ഇതില്‍ ചന്ദ്രകാന്ത, രക്ഷക്, ആനന്ദ, അബ്ദുല്‍ജലീല്‍. നിതിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.