‘അവന്റെ ആവേശം അഭിനന്ദനാര്‍ഹം’ സൈന്യത്തില്‍ ചേരാന്‍ രാത്രി 10 കിലോമീറ്റര്‍ ഓടിയ യുവാവിന് സഹായവുമായി റിട്ട. ലെഫ്റ്റനന്റ് ജനറല്‍; ആവശ്യമായ പരിശീലനം നൽകും

0
222

സൈന്യത്തില്‍ ചേരാനുള്ള മോഹവുമായി രാത്രി പത്തു കിലോമീറ്ററോളം ഓടി പരിശീലനം നടത്തുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംവിധായകന്‍ വിനോദ് കാപ്രിയാണ് വീഡിയോ പങ്കുവെച്ചത്. 19കാരനായ പ്രദീപ് മെഹ്‌റയാണ് വീഡിയോയിലെ താരം. വീഡിയോ കണ്ട നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തു വന്നത്. ഇപ്പോഴിതാ യുവാവിന് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ.

ട്വിറ്ററിലൂടെയാണ് സഹായം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ‘അവന്റെ ആവേശം അഭിനന്ദനാര്‍ഹമാണ്. റിക്രൂട്ട്മെന്റ് ടെസ്റ്റുകളില്‍ അവനെ സഹായിക്കുന്നതിന്, കുമയോണ്‍ റെജിമെന്റിന്റെ കേണല്‍, ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാണ കലിത എന്നിവരുമായി ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യമായ എല്ലാം പരിശീലനവും അദ്ദേഹം അവന് നല്‍കും. ജയ് ഹിന്ദ്” റിട്ട. ജനറല്‍  ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം, തെഹ്രിയിലെ പാര്‍ലമെന്റ് അംഗം വിജയ് ലക്ഷ്മിയും 50,000 രൂപ ധനസഹായം വാഗ്ദാനം ചെയ്തു. കൂടാതെ, നോയിഡ പൊലീസ് കമ്മീഷണറും അവന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്. രണ്ട് വര്‍ഷം മുമ്പാണ് അവന്‍ സേനയില്‍ ചേരാനുള്ള ആദ്യ ശ്രമം നടത്തിയത്. റിക്രൂട്ട്മെന്റ് ടെസ്റ്റ് പാസാക്കുന്നതിന് ഒരു ഉദ്യോഗാര്‍ത്ഥി 5 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടണമെന്ന് ആയിരുന്നു. എന്നാല്‍ അവന് അന്ന് അതിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ദിവസവും പത്ത് കിലോമീറ്റര്‍ ഓടി പരിശീലിക്കാന്‍ അവന്‍ ആരംഭിച്ചത്.

വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ കിടിലന്‍ മറുപടി പ്രദീപ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here