വിശക്കുന്ന ലോകത്തിന് അന്നദാനവുമായി വീണ്ടും യുഎഇ. റമസാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രർക്കായി നൂറുകോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാംപെയ്ൻ യുഎഇ ആരംഭിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ട്വിറ്ററിലാണ് ക്യാംപെയിൻ പ്രഖ്യാപിച്ചത്.
റമസാൻ ആരംഭിക്കുമ്പോൾ ക്യാംപെയിനും തുടങ്ങുമെന്നും നൂറു കോടി ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നു. മനുഷ്യത്വവും മതവും ഞങ്ങളോടു സഹായഹസ്തം നീട്ടാൻ പറയുന്നു– ഷെയ്ഖ് മുഹമ്മദ് കുറിച്ചു.