സഞ്ജുവിനൊപ്പം ഇനി ദേവ്ദത്ത് പടിക്കലും, ഹര്‍ഷല്‍ പട്ടേലിന് പൊന്നുംവില നല്‍കി ബാംഗ്ലൂര്‍

0
266

ബെംഗലൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022 ) മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(Devdutt Padikkal) സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals). പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും എത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

IPL Auction Live:Devdutt Padikkal in Rajasthan Royals, RCB get Harshal Patel

റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന ഹര്‍ഷല്‍ പട്ടേലാണ്(Harshal Patel) ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹല്‍ഷലിനായി സണ്‍റൈസേഴ്സും ബാംഗ്ലൂരും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ 10.75 കോടി രൂപക്ക് ഹര്‍ഷലിനെ ബാംഗ്ലൂരില്‍ തിരികെയെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ബൗളറാണ് ഹര്‍ഷല്‍.

ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയറിനാണ്( Shimron Hetmyer) പിന്നീട് വാശിയേറിയ ലേലം നടന്നത്. ഹെറ്റ്മെയറിനായി ഡല്‍ഹിയും രാജസ്ഥാനും വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു. ഒടുവില്‍ 8.25 കോടി രൂപ നല്‍കി ഹെറ്റ്മെയറെ രാജസ്ഥാന്‍ ടീമിലെത്തിച്ചു.

IPL Auction Live:Devdutt Padikkal in Rajasthan Royals, RCB get Harshal Patel

വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡറാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 8.75 കോടിക്ക് ഹോള്‍ഡറെ ലക്നോ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഹോള്‍ഡര്‍ക്കായി മുംബൈ ഇന്ത്യന്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു.

വാശിയേറിയ മറ്റൊരു ലേലത്തിനൊടുവില്‍ എട്ട് കോടി നല്‍കി നീതീഷ്  റാണയെ കൊല്‍ക്കത്ത തിരിച്ചു പിടിച്ചു. മുംബൈയും കൊല്‍ക്കത്തയും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് നിതീഷ് റാണക്കായി വാശിയേറിയ ലേലത്തില്‍ പങ്കെടുത്തത്. വിശ്വസ്തനായ ഡ്വയിന്‍ ബ്രാവോയെ(Dwayne Bravo) ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചുപിടിച്ചു. ഡല്‍ഹിയുടെയും സണ്‍റൈസേഴ്സിന്‍റെയും വെല്ലുവിളി മറികടന്ന് 4.4 കോടിക്കാണ് ബ്രാവോയെ ചെന്നൈ തിരിച്ചെത്തിച്ചത്. സണ്‍റൈസേഴ്സ് താരമായിരുന്ന മനീഷ് പാണ്ഡെക്കായും ലേലത്തില്‍ ടീമുകള്‍ മത്സരിച്ചു. ഒടുവില്‍ 4.6 കോടി രൂപക്ക് മനീഷ് പാണ്ഡെയെ ലക്നോ ടീമിലെത്തിച്ചു.

മലയാളി താരം റോബിന്‍ ഉത്തപ്പയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here