സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ, പുതിയ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്നു

0
298

റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നു. തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവയിൽ പുതിയ നിയന്ത്രണം നടപ്പിലാക്കാനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നത്. മറ്റു തൊഴിൽ മേഖലകൾ പോലെ തൊഴിൽ കരാറും മറ്റു ആനുകൂല്യങ്ങളും ഇനി ഇവർക്കും ലഭ്യമാകും.

മറ്റു തൊഴിലാളികളെ പോലെ ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങി ഗാർഹിക തൊഴിലാളികൾക്ക് നിരവധി ആനൂകൂല്യങ്ങൾ അനുവദിക്കുന്നതാണ് പുതിയ തൊഴിൽ വ്യവസ്ഥ. കൂടാതെ അധിക സമയം തൊഴിലെടുപ്പിക്കുന്നതും, മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കാൻ ഗാർഹിക തൊഴിലാളികളെ പ്രേരിപ്പിക്കുന്നതും, അധിക സമയത്തിന് നൽകേണ്ട വേതനത്തെ കുറിച്ചും, ഇൻഷൂറൻസിനെ കുറിച്ചും അധിക ജോലി സമയത്തെ സംബന്ധിച്ചും പുതിയ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഗാർഹിക തൊഴിലാളി നിർവഹിക്കാൻ ബാധ്യസ്ഥനായ ജോലിയുടെ തരം, വേതനം എന്നിവ വ്യക്തമാക്കുന്ന, ഈ നിയന്ത്രണത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ ഇരു കക്ഷികളും കരാറിൽ ഒപ്പ് വെക്കണം, ശമ്പളം ബാങ്ക് മുഖേന നൽകണം, ആഴ്ചയിൽ വിശ്രമം, വാർഷിക അവധി, സേവനാനന്തര ഗ്രാറ്റുവിറ്റി, ഗാർഹിക തൊഴിലാളികളുടെ ജോലിക്കുള്ള പുതിയ നിയന്ത്രണങ്ങൾ എന്നിവയും ബാധകമാകും. 21 വയസ്സിന് താഴെയുള്ളവരെ ഇനി വീട്ടു ജോലിക്കാരായി വെക്കാൻ പാടില്ല. തൊഴിലുടമ ഒരു വീട്ടുജോലിക്കാരനെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ അല്ലെങ്കിൽ ജോലി കരാറിലും റസിഡൻസ് പെർമിറ്റിലും രേഖപ്പെടുത്തിയിട്ടുള്ള തൊഴിലിന് പുറമെയുള്ള ജോലിക്ക് നിയോഗിക്കരുത്.

തൊഴിലുടമയോടും കുടുംബത്തോടും തൊഴിലാളി നല്ല നിലയിൽ പെരുമാറണം, ഉപദ്രവിക്കുകയോ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുകയോ ചെയ്യരുത്, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലെ ആളുകളുടെയും രഹസ്യങ്ങൾ സൂക്ഷിക്കുക, അത് മറ്റുള്ളവരോട് പറയാതിരിക്കുക, നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ, അവരുടെ കാര്യങ്ങളിലോ ഇടപെടരുത്. ഇസ്‌ലാമിക മൂല്യങ്ങൾ മാനിക്കുക, രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ, സഊദി സമൂഹത്തിന്റെ ആചാരങ്ങളും അതിന്റെ പാരമ്പര്യങ്ങളും പാലിക്കുക, കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കപ്പെടണം.

രണ്ട് വർഷം കഴിഞ്ഞ് വീട്ടുജോലിക്കാരന് ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിക്ക് അർഹതയുണ്ടെന്നും സമാനമായ കാലയളവിൽ പുതുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതും അനുവദിക്കണമെന്നും നിർദേശം ഉണ്ട്. ഇല്ലെങ്കിൽ അതിന് പകരമായി നഷ്ടപരിഹാരം നൽകാനുള്ള അവകാശമുണ്ടെന്നും റെഗുലേഷൻ കൂട്ടിച്ചേർത്തു.തൊഴിലുടമയുടെ സേവനത്തിൽ തുടർച്ചയായി നാല് വർഷം ചെലവഴിച്ചാൽ, ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ വേതനത്തിന് അർഹതയുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. പുതിയ ആനുകൂല്യങ്ങൾ രാജ്യത്തെ ഗാർഹിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here