ബെംഗളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തിനിടയില്‍ ശബരിമല വിധി പരാമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍.
ശബരിമല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിയമത്തിന്റെ വെളിച്ചത്തില്‍ ഹിജാബുമായി ബന്ധപ്പെട്ട ഹരജിയെ കാണേണ്ടതുണ്ടെന്നും ഭരണഘടനാപരമായ ധാര്‍മ്മികതയുടെയും വ്യക്തിയുടെ അന്തസ്സിന്റെയും വശത്ത് നിന്ന് നോക്കുമ്പോള്‍ ഹിജാബ് എന്ന ആശയം അംഗീകരിക്കാന്‍ കഴിയുമോയെന്നും എ.ജി. ചോദിച്ചു. ‘സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോടതി പരിഗണിക്കണം,’ എ.ജി. വാദിച്ചു.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്നിലായിരുന്നു ചൊവ്വാഴ്ച അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് നാവദഗിയുടെ വാദം.
2018ലെ സുപ്രീം കോടതി വിധിയില്‍, കേരളത്തിലെ ശബരിമല ക്ഷേത്രത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കുന്നത് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് കണക്കാക്കിയിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യം വേണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
‘ഹിജാബ് എസന്‍ഷ്യല്‍ പ്രാക്ടീസാക്കുന്നതോടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. ഹിജാബ് ഒരു മതത്തിന്റെ ഭാഗമായുള്ള അനുമതിയായി മാറിയാല്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവും,’എ.ജി. പറഞ്ഞു.
ശബരിമല കേസിലെ സുപ്രീം കോടതി വിധിയുടെ ഭാഗങ്ങള്‍, പ്രത്യേകിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അഭിപ്രായം ഉദ്ധരിച്ച എ.ജി. ‘വ്യക്തിഗത അന്തസ്സ്’ എന്ന തത്വം ഊന്നിപ്പറഞ്ഞു. ഹിജാബ് ഇസ്‌ലാമിന്റെ എസന്‍ഷ്യല്‍ പ്രാക്ടീസായി പ്രഖ്യാപിച്ചാല്‍ ഹിജാബ് ധരിക്കരുതെന്ന് തീരുമാനിച്ച ഒരു സ്ത്രീയെ ശിക്ഷക്ക് വിധേയയാക്കാം,’
എല്ലാ വിശ്വാസത്തിലെയും എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ തെരഞ്ഞെടുപ്പ് ഉണ്ടെന്നും ജുഡീഷ്യല്‍ പ്രഖ്യാപനം വഴി മതപരമായ അനുവാദം നല്‍കരുതെന്നും വാദിച്ചു.
ശിരോവസ്ത്രം ധരിക്കുന്നത് ഭരണഘടനയുടെ 19 ഒന്ന് (എ) വകുപ്പു പ്രകാരം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഹരജിക്കാരുടെ വാദം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25 ാം വകുപ്പുമായി ചേരില്ലെന്ന് എ.ജി വാദിച്ചു.
ഭരണഘടനയുടെ 19 ഒന്ന് (എ) വകുപ്പു പ്രകാരം ആരെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആഗ്രഹിച്ചാല്‍, നിങ്ങളതിനെ നിയന്ത്രിക്കുകയും ചെയ്താല്‍ അത് മൗലികാവകാശത്തെ തടയലല്ലേ എന്ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി തിരിച്ചുചോദിച്ചു. ഈ രാജ്യത്ത് ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ മറുപടി.