വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ കേസ്

0
277

കൊല്ലം: വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തത്. ക്രമക്കേടിനു കൂട്ടു നിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്.

ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി മോഹനന് എതിരെയാണ് പൊലീസ് കേസെടുത്തത്. മാങ്കോട് വാര്‍ഡിലെ താമസക്കാരനായിരുന്നില്ല മോഹനന്‍. എന്നാല്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ വ്യാജ രേഖകളുടെ സഹായത്തോടെ മോഹനന്‍ മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു.

ഇതിന്‍റെ തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മിഷനെയും പൊലീസിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതും. ക്രമക്കേടിന് കൂട്ടു നിന്നെന്ന ആരോപണമുയര്‍ന്ന പഞ്ചായത്ത് സെക്രട്ടറി സുനിലിനും, യുഡി ക്ലര്‍ക്ക് ബിനുവിനും എതിരെയും കേസ് എടുത്തിട്ടുണ്ട്.

സംഭവം നടന്ന സമയത്ത് താനായിരുന്നില്ല ചുമതലയിലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ലറിക്കല്‍ പിഴവാകാനാണ് സാധ്യതയെന്നും താന്‍ രേഖകളില്‍ കൃത്രിമം നടത്തിയിട്ടില്ലെന്നും അമ്മൂട്ടി മോഹനനും വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here