കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്നു. യുദ്ധത്തിന്റെ രണ്ടാം ദിനത്തില്‍ കീവിന്റെ നഗരഹൃദയത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയോ നാശനഷ്ടങ്ങളുടെയോ കണക്കുകള്‍ ലഭ്യമായിട്ടില്ല. തലസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതേ സമയം യുക്രൈന്‍ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഒരു റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധത്തിന്റെ ആദ്യം ദിനമായ ഇന്നലെ കൊല്ലപ്പെട്ടത് 137 പേരായിരുന്നുവെങ്കില്‍ രണ്ടാം ദിനത്തില്‍ ശക്തമായ തിരിച്ചടികളാണ് റഷ്യ നടത്തുന്നത്. തലസ്ഥാന നഗരമായ കീവില്‍ സൈനിക വിന്യാസം ഇന്നലെതന്നെ റഷ്യ വര്‍ധിപ്പിച്ചിരുന്നു. ആശുപത്രികള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യക്കെതിരേ കടുത്ത പ്രതിഷേധമാണ് ലോകരാജ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയടക്കം നിരവധി രാജ്യങ്ങളാണ് റഷ്യക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ന്യുസിലാന്‍ഡും റഷ്യക്കെതിരേ രംഗത്തെത്തി. എന്നാല്‍ ഇതിലൊന്നും റഷ്യ പിന്‍മാറാന്‍ തയാറായിട്ടില്ല. യുദ്ധത്തെ ന്യായീകരിക്കുകയാണ് പുടിന്‍.
അതേ സമയം യുദ്ധത്തില്‍ യുക്രൈന്‍ ഒറ്റപ്പെട്ടതായി പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം ഒറ്റയ്ക്കാണ് പൊരുതുന്നത്. തന്നെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ റഷ്യക്കെതിരായ ഇന്ത്യയുടെ നിലപാടില്‍ കടുത്ത നിരാശയും യുക്രൈന്‍ രേഖപ്പെടുത്തി.
അതേ സമയം യുദ്ധത്തിനെതിരെ റഷ്യയില്‍ തന്നെ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തി. നൂറുകണക്കിന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓസ്‌ട്രേലിയയും റഷ്യക്കെതിരേ രംഗത്തു വന്നു.