മഞ്ചേശ്വരം മണ്ഡലത്തിൽ ‘ടി’ ആകൃതിയിലുള്ള പാലത്തിന് പച്ചക്കൊടി

0
258

മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ‘ടി’ ആകൃതിയിലുള്ള പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനപ്രവൃത്തിക്ക് ഒൻപത് ലക്ഷം രൂപയുടെ ഭരണാനുമതിയായി. എ.കെ.എം.അഷറഫ് എം.എൽ.എ. യുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ചു.

കുമ്പള, പുത്തിഗെ, പൈവളികെ എന്നീ പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ പാമ്പാടിയിൽ മൂന്ന് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഒരു പാലം വേണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. കുമ്പളയിലെ കളത്തൂർ പാമ്പാടി, പുത്തിഗെയിലെ അംഗടിമുഗർ, എരുതുങ്കൽ, പൈവളികെയിലെ പെർമൂദ, മുന്നൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ഷിറിയ പുഴയുടെ ഭാഗമായ അംഗടിമുഗർ, പുത്തിഗെ പുഴകളുടെ സംഗമസ്ഥലമായ പാമ്പാടിയിൽ ടി ആകൃതിയിൽ പാലം നിർമിക്കുന്നത് സംബന്ധിച്ച ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്കാണ് തുക അനുവദിച്ചത്.

പാലം യാഥാർഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള യാത്രാദൈർഘ്യം കുറയും. കുമ്പള, സീതാംഗോളി, പെർമുദ ടൗണുകൾ, കിദൂർ പക്ഷിസങ്കേതകേന്ദ്രം, പൊസഡിഗുംപെ വിനോദ സഞ്ചാരകേന്ദ്രം, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. പാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാവിധ പരിശ്രമങ്ങളും തുടർന്നും നടത്തുമെന്ന് എം.കെ.എം.അഷറഫ് എം.എൽ.എ. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here