മംഗലാപുരത്ത് ക്രിസ്ത്യൻ പ്രാർത്ഥനാകേന്ദ്രം ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

0
269

മംഗലാപുരത്ത് 40 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ രണ്ടുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സംഘ്പരിവാർ പ്രവർത്തകരായ ലതീഷ് (25), ധനഞ്ജയ് (36) എന്നിവരാണ് അറസ്റ്റിലായത്. ഉരൻഡാഡി ഗുഡ്ഡെ – പഞ്ചിമൊഗാരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് സെന്റർ ഫെബ്രുവരി 10-നാണ് ശ്രീ സത്യ കൊർഡബ്ബു സേവാ സമിതി എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ തകർത്തത്.

കാത്തലിക് പ്രാർത്ഥനാലയം, അംഗനവാടി, അശരണാലയം എന്നിവയടങ്ങുന്ന സെന്റർ അനധികൃതമായി നിർമിച്ചതാണെന്ന് സംഘ് പരിവാർ സംഘടനകൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കേസിൽ കോടതി വാദംകേൾക്കാനിരിക്കെയായിരുന്നു അതിക്രമം. വിധിപറയുന്നതു വരെ സെന്ററിന്റെ പരിസരത്ത് പ്രവേശിക്കരുതെന്ന് മംഗളുരു സിവിൽ കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ഹിന്ദുത്വപ്രവർത്തകർ ജെ.സി.ബിയുമായെത്തിയത്.

രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കു നേരെ വർധിച്ചുവരുന്ന അക്രമങ്ങളുടെ ഭാഗമാണ് മംഗലാപുരത്തെ സംഭവമെന്ന് മിഷനറി വാർത്താമാധ്യമമായ ഏജൻസിയ ഫിഡസ് ആരോപിക്കുന്നു. ഫെബ്രുവരി അഞ്ചിന് ഛത്തിസ്ഗഡിലെ കിസ്തറാം ഗ്രാമത്തിൽ പ്രൊട്ടസ്റ്റന്റ് ചർച്ച് അഗ്നിക്കിരയാക്കിയിരുന്നു. 2021-ൽ മാത്രം രാജ്യത്ത് ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾക്കും നേരെ അഞ്ഞൂറിലേറെ അക്രമസംഭവങ്ങളുണ്ടായതായി ഏജൻസിയ ഫിഡസ് പറയുന്നു.

ഫെബ്രുവരി 16-ന് കർണാടകയിലെ കോലാറിൽ 18 വർഷം മുമ്പ് സ്ഥാപിച്ച യേശുക്രിസ്തു പ്രതിമ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. ഗോകുണ്ഡെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന പ്രതിമ സർക്കാർ ഭൂമിയിലാണെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് റവന്യു ഉദ്യോഗസ്ഥരുടെയും നൂറുകണക്കിന് പൊലീസുകാരുടെയും സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. 2004-ൽ സ്ഥാപിച്ച പ്രതിമക്കെതിരെ സമീപകാലത്താണ് ചില സംഘ്പരിവാർ സംഘടനകൾ കോടതിയെ സമീപിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here