ടെഹ്‌റാന്‍: പരപുരുഷ ബന്ധമാരോപിച്ച് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇറാനെ ഞെട്ടിച്ചു. മോന ഹൈദരി എന്ന 17കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃസഹോദരനുമാണ് പെണ്‍കുട്ടിയെ പരപുരുഷ ബന്ധമാരോപിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി അറുത്തെടുത്ത തല പൊതുമധ്യത്തില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അവഗണനയുടെ ഇരയാണ് മോനയെന്നും എല്ലാവരും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്നും ഇറാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായിക തഹ്മിനെ മിലാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വിവാഹ പ്രായം 13ല്‍ നിന്ന് ഉയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 12 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി വിവാഹിതയാകുന്നത്. കൊല്ലപ്പെടുമ്പോള്‍ ഇവര്‍ക്ക് മൂന്ന് വയസ്സുകാരനായ മകനുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 14കാരിയായ മകളെ പിതാവ് ദുരഭിമാനത്തിന്റെ പേരില്‍ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. പ്രതിക്ക് ഒമ്പത് വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്.