ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെ; ആഞ്ഞടിച്ച് രാകേഷ് ടികായത്

0
332

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും കഴിഞ്ഞിരിക്കെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്. ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍പ്രദേശിന് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയാണെന്നാണ് ടികായത് പറഞ്ഞത്.

‘ജനങ്ങളെ മനസിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമാണോ വേണ്ടത്, അതോ രണ്ടാം കിം ജോങ് ഉന്നിനെയാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണം.

ഇന്ത്യയിലെ ഒരു സംസ്ഥാനവും ഏകാധിപതികള്‍ ഭരിക്കണമെന്ന് നമ്മളാരും തന്നെ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ അവരുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണമെന്ന് അപേക്ഷിക്കുകയാണ്,’ ടികായത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്കെതിരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ടികായത് ഉയര്‍ത്തിയിരുന്നത്.

കഴിഞ്ഞയാഴ്ച മുസാഫര്‍ നഗറില്‍ നടന്ന യോഗത്തിലും ടികായത് ഇരുവര്‍ക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ബി.ജെ.പി ധ്രുവീകരണത്തിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു ടികായത് പറഞ്ഞത്.

‘പശ്ചിമ ഉത്തര്‍പ്രദേശ് വികസനത്തെ കുറിച്ച് സംസാരിക്കാനാണാഗ്രഹിക്കുന്നത്. ഹിന്ദു-മുസ്‌ലിം-ജിന്ന-മതം എന്നിങ്ങനെ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടും. മുസാഫര്‍ നഗര്‍ ഹിന്ദു-മുസ്‌ലിം മാര്‍ച്ചിനുള്ള വേദിയല്ല,’ ടികായത് പറഞ്ഞു.

വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടെന്നും ടികായത് പറയുന്നു.

‘കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കാത്തവരെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദു-മുസ്‌ലിം എന്ന പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ധ്രുവീകരണവും നടത്താത്തവരെ ജനങ്ങള്‍ പിന്തുണയ്ക്കും.

പാകിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രം പറയുന്നവരെയല്ല, സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയായിരിക്കും ജനങ്ങള്‍ അംഗീകരിക്കുക,’ ടികായത് പി.ടി.ഐയോട് പറഞ്ഞു.

കര്‍ഷകര്‍ക്കെതിരെ നില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ തറപറ്റിക്കണമെന്ന് ടികായത് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മറ്റാരെയെങ്കിലും ജയിപ്പിക്കുകയല്ല, മറിച്ച് ബി.ജെ.പിയെ തോല്‍പിക്കുകയാണ് താനടക്കമുള്ള കര്‍ഷകസംഘടനകളുടെ പ്രധാന ലക്ഷ്യമെന്നും ടികായത് പറഞ്ഞിരുന്നു.

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here