ബി.ജെ.പി.ക്ക് കീറാമുട്ടിയായി കുമ്പള; നിലപാട് വ്യക്തമാക്കാതെ നേതൃത്വം

0
246

കാസർകോട് : കുമ്പള ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കാനാകാതെ ബി.ജെ.പി. ജില്ലാ നേതൃത്വം. രാപകൽ തുറന്നുകിടക്കേണ്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ടതടക്കമുള്ള സംഭവങ്ങൾ സംബന്ധിച്ചുപോലും വിശദീകരിക്കാതെയുള്ള നേതൃത്വത്തിന്റെ നിസ്സംഗതയിൽ അണികൾക്കിടയിൽ ആശയക്കുഴപ്പം. ജില്ലയിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവിടെനിന്ന് അനുയോജ്യമായ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും മാത്രമാണ് ജില്ലാ നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.

ബി.ജെ.പി. പിന്തുണയോടെ ജയിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കുമ്പള ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം എസ്.കൊഗ്ഗു കഴിഞ്ഞദിവസം രാജിവെച്ചു.

എന്നാൽ, സി.പി.എം. സഹായത്തോടെ നേടിയ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ രാജിവെക്കാൻ ബി.ജെ.പി. അംഗങ്ങൾ നാളിതുവരെ തയ്യാറായിട്ടില്ല. പാർട്ടിക്ക് ലഭിച്ച സ്ഥാനങ്ങൾ രാജിവെക്കേണ്ടെന്നായിരുന്നു ബി.ജെ.പി. പ്രാദേശിക നേതാക്കളുടെ പഴയ തീരുമാനം. അക്കാര്യം മറച്ചുവെച്ച് കുറ്റം ജില്ലാ നേതാക്കളുടെ മേൽചാർത്തി ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചിടുന്നതടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വളർത്തിയത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആർ.എസ്.എസ്.നേതാക്കൾ ബി.ജെ.പി. ജില്ലാ നേതാക്കളുമായി വിഷയം ചർച്ചചെയ്തെങ്കിലും തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here