ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി എന്താണ്? ആർക്കാണ് അതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം എന്നറിയുമോ?

0
283

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് വമ്പൻ കുതിച്ചു ചാട്ടമായേക്കാവുന്ന ഒരു പ്രഖ്യാപനമാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയത്. ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി ഉടൻ നിലവിൽ വരുമെന്ന പ്രഖ്യാപനം. ഇതുവഴി കറൻസികളെ കൂടുതൽ ഫലപ്രദമായി കൈമാറ്റം ചെയ്യുവാൻ സാധിക്കും. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളാണ് നടപ്പിൽ വരുത്തുക. വെർച്യുൽ ആസ്തികൾക്കു പ്രാധാന്യം വർധിക്കുന്ന ഈ സമയത്ത് ഇന്ത്യ സ്വന്തമായ ഡിജിറ്റൽ കറൻസി കൊണ്ടുവന്നത് മറ്റു രാജ്യങ്ങൾക്കും പ്രചോദനമാകും. ആഗോളതലത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് ബദലായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ വളർത്തുക എന്നതായിരിക്കും വളർന്നു വരുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നയം.

ഒരു വ്യാഴവട്ടക്കാലമായി നിയന്ത്രണങ്ങളൊന്നുമില്ലാതെ വിഹരിച്ചിരുന്ന ഗൂഢകറൻസികളെ (ക്രിപ്റ്റോ കറൻസികൾ) നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. 2008 ൽ ലോകത്തെ ഗ്രസിച്ച ധനത്തകർച്ചയാണ് ഗൂഢകറൻസികളുടെ ജനനത്തിനും വളർച്ചയ്ക്കും സാഹചര്യമൊരുക്കിയത്. ഭരണകൂടം പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറൻസികളുടെ മൂല്യവും വിശ്വാസ്യതയുംഇടിച്ച് താഴ്ത്തിക്കൊണ്ടായിരുന്നു പ്രതിസന്ധി മുന്നേറിയത്. ഈ ദശാസന്ധിയിലാണ് സതോഷി എന്ന അജ്ഞാതന്റെ ധവള പത്രത്തിലൂടെ സർക്കാരിന്റേതല്ലാത്ത ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ അസ്ഥിത്വം മാത്രമുള്ള ക്രിപ്റ്റോ കറൻസിയുടെ ഉദയത്തെക്കുറിച്ച് ലോകമറിയുന്നത്. ഒരർത്ഥത്തിൽ നാലാം വ്യവസായ വിപ്ലവത്തിന്റെ നൂതന സാങ്കേതികവിദ്യകൾ ആയിരുന്നു പുതിയ പണത്തിന്റെ സൃഷ്ടിക്കുള്ള സാമഗ്രികളായത്. ഓരോ ഗൂഢകറൻസിയുടെയും ‘ഖനനവും’വിനിമയങ്ങളും തത്സമയം രേഖപ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ എന്ന സങ്കേതമായിരുന്നു ഇതിൽ പ്രധാനം. ഈ കറൻസിയുടെ കൈമാറ്റത്തിൽ ഭാഗഭാക്കാകുന്നവരുടെ പേരുവിവരങ്ങൾ ഗൂഢാക്ഷര ശാസ്ത്രത്തിന്റെ സഹായത്തോടെ ഗോപ്യമായി സൂക്ഷിക്കപ്പെടുന്നു.

ആദ്യ ഓൺലൈൻനാണയമായ ബിറ്റ്‌കോയിൻ വിജയിച്ചതോടെ ഈ ശ്രേണിയിൽ പുതിയ കറൻസികളെത്തി; ഇന്നിപ്പോൾ ശ്രദ്ധിക്കപ്പെടേണ്ട അഞ്ഞൂറിൽപരം ഗൂഢനാണയങ്ങളുണ്ട്. മേന്മകളാൽ സമൃദ്ധമായതു കൊണ്ടുതന്നെ ക്രിപ്റ്റോകറൻസികൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും വലിയ പ്രചാരം നേടി. ദേശീയവും അന്തർദേശീയവുമായ പണമിടപാടുകൾ ഞൊടിയിടയിൽ തീർപ്പാക്കാൻ ഇവയ്ക്ക് കഴിഞ്ഞു. ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ, പണമടയ്ക്കൽ ആപ്പുകൾ തുടങ്ങിയവയുടെ മധ്യസ്ഥതയി ല്ലാതെതന്നെ വിനിമയം സാദ്ധ്യമാകുന്നതു കൊണ്ട് ഇടനിലക്കാർക്കുള്ള പ്രതിഫലം ലാഭിക്കാനാകുന്നു. പേപ്പർ കറൻസികൾ നിർവഹിക്കുന്ന കർമ്മങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ നിക്ഷേപ ഉപകരണമായും ഗൂഢ കറൻസികൾ ഉപയോഗിക്കപ്പെട്ടു. ഓഹരിക്കമ്പോളത്തിൽ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ക്രിപ്റ്റോ എക്‌സ്‌ചേഞ്ച് വഴി ഇവയുടെ വിനിമയം സാധ്യമാകുന്നു. ഗൂഢകറൻസികളിൽ നിക്ഷേപിക്കപ്പെടുന്നത് വൻതുകകളാണ്. ഏറ്റവുമൊടുവിൽ ഇപ്പോൾ ടെസ്‌ല കാർ കമ്പനി ഉടമ ഇലോൺമസ്‌ക് ബിറ്റ് കോയിനിൽ നിക്ഷേപിച്ചത് 1.5 ദശലക്ഷം ഡോളറായിരുന്നു. നിക്ഷേപങ്ങൾ വർദ്ധിച്ചതോടെ ഗൂഢകറൻസികളുടെ വിലയും ഉയർന്നു. 2017 ൽ ആയിരം ഡോളറിന്റെ മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്നിപ്പോൾ അൻപതിനായിരം ഡോളറിന്റെ വിലയുണ്ട്. പക്ഷേ പ്രശസ്തിക്കൊപ്പം ഗൂഢകറൻസികൾക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളും ഉയർന്നുവന്നു. ഇത്തരം പണം കൈമാറുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായിരിക്കുന്നതുകൊണ്ട് തന്നെ അനാശാസ്യമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ആരോപണമുണ്ട്.

കറുത്തപണം വെളുപ്പിക്കാനുള്ള ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നു. മയക്കുമരുന്ന്, ആയുധക്കച്ചവടം തുടങ്ങിയ നിരോധിത ഉത്പന്നങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ഇത് മാദ്ധ്യമമാകുന്നു. അതായത് അധോലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വളമാകുന്നു. നിക്ഷേപ വസ്തുവെന്ന നിലയിൽ ഊഹക്കച്ചവടത്തിനായി ഉപയോഗിക്കപ്പെടുകയും അതുവഴി അവയുടെ മൂല്യം ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയും കുറെപ്പേർക്കെങ്കിലും ധനനഷ്ടത്തിന് കാരണമാകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ അധികാരത്തിനു പുറത്തുള്ള നാണയമാകയാൽ പണത്തിന്റെ അളവ് നിയന്ത്രിച്ചു കൊണ്ട് വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം നേടാൻ ഇവ തടസമാകുന്നു. സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ ഇത്തരം മോശപ്പെട്ട വശങ്ങൾ ഒരു ഭരണകൂടത്തിനും അവഗണിക്കാൻ കഴിയില്ല. തീർച്ചയായും അവയ്‌ക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. പക്ഷേ ഇത്തരം കറൻസികളെ പത്തു പന്ത്രണ്ട് വർഷം യഥേഷ്ടംസ വിഹരിക്കാൻ അനുവദിച്ചിട്ട് പൊടുന്നനെ നിരോധിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനിടയുണ്ട് എന്നബോധ്യമുള്ളതുകൊണ്ടുതന്നെയാണ് 30 ശതമാനം നികുത്തി ചുമത്തി നിയന്ത്രിക്കാമെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്.

ക്രിപ്‌ടോ കറൻസി ഇടപാടുകളിൽ ലോകത്തെ തന്നെ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഇത്തരം കറൻസികളിൽ വ്യാപരിക്കുന്നവരുടെ എണ്ണം 60 ലക്ഷത്തോളം വരും; ഇവർ നടത്തിക്കൊണ്ടിരിക്കുന്ന വിനിമയത്തിന്റെ മൂല്യം ഒരു വർഷം ഏകദേശം ഒരു ലക്ഷം കോടി രൂപ വരും. ജപ്പാൻ, ആസ്‌ട്രേലിയ, സൗത്ത് കൊറിയ, ഈസ്റ്റോണിയ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇത്തരം കറൻസികളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു. അമേരിക്ക നിയന്ത്രണത്തിനുള്ള കരട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന ഗൂഢകറൻസികളെ നിരോധിച്ചെങ്കിലും അവിടെ കുറഞ്ഞ തോതിലെങ്കിലും ഇപ്പോഴും അവയുടെ പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ കേന്ദ്ര ബാങ്കിന്റെ തന്നെ ഡിജിറ്റൽ രൂപ ഇറക്കുന്നത് കാലത്തിനൊത്ത നീക്കമാകുന്നു. ജനജീവിതത്തിലെ മിക്ക മേഖലകളിലും ഡിജിറ്റൽ ഇടം വിസ്തൃതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക നാണയ വ്യവസ്ഥയും ആ വഴിക്ക് നീങ്ങുന്നത് ഇണക്കമുള്ള കണ്ണി തന്നെ. സ്വകാര്യ ഡിജിറ്റൽ നാണയങ്ങളുടെ നിഗൂഢതകൾ സർക്കാരിന്റെ ഡിജിറ്റൽ കറൻസിയിൽ ഉണ്ടാകില്ല; അതുകൊണ്ട് തന്നെ ഈ നാണയങ്ങളുടെ ദുരുപയോഗങ്ങൾ ഒഴിവാക്കാനുമാകും. ഇവയുടെ മൂല്യം ഔദ്യോഗികമായി
തന്നെ നിശ്ചയിക്കപ്പെടുന്നതിനാൽ ചാഞ്ചാട്ടങ്ങൾക്കും ഊഹാപോഹ കച്ചവടങ്ങൾക്കുമുള്ള ഉപകരണമായി ഇത് മാറുകയില്ല.

വിദേശത്തു നിന്നും പണം അയയ്‌ക്കുന്നതിന്റെ ഒരു ഭാഗം നിർവഹിക്കപ്പെടുന്നത് സ്വകാര്യ ഡിജിറ്റൽ കറൻസികൾ വഴിയാണ്. പണം അയപ്പ് വേഗത്തിലാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം. ഔദ്യോഗിക ഡിജിറ്റൽ കറൻസി വന്നാൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദേശനാണയ നഷ്ടം ഒഴിവാക്കാനാകും. അതുപോലെതന്നെ ലോകത്തെ പല രാജ്യങ്ങളും അവരുടേതായ ഡിജിറ്റൽ കറൻസികൾ ഇറക്കാനുള്ള ശ്രമത്തിലാണ്. ചൈനയിൽ ഡിജിറ്റൽ യുവാൻ ഇറങ്ങിക്കഴിഞ്ഞു; ഇപ്പോൾ അത് ട്രയൽ അടിസ്ഥാനത്തിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ രൂപയെന്ന ലക്ഷ്യം ശരിയായ ദിശയിലുള്ള നീക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here