അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ.
ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം.
64 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസിന് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കിയ താരം വിന്‍ഡീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത് 27 റണ്‍സെടുത്ത ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിന്‍ഡീസ് തീര്‍ത്തും പ്രതിരോധത്തിലായി.
തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി.
എന്നാല്‍ ബ്രൂക്ക്‌സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ 117 വരെയെത്തിച്ചു. 31-ാം ഓവറില്‍ ബ്രൂക്ക്‌സിനെ മടക്കി ദീപക് ഹൂഡയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഫാബിയാന്‍ അലനെ (13) സിറാജ് മടക്കി. 52 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അകീലിനെ ഒടുവില്‍ 40-ാം ഓവറില്‍ ശാര്‍ദുല്‍ താ്ക്കൂര്‍ പുറത്താക്കി. തുടര്‍ന്ന് 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഒഡീന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും വിജയം അകലെയായി. 46-ാം ഓവറില്‍ കെമാര്‍ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.
ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഋഷഭ് പന്തും വിരാട് കോലിയും ചേര്‍ന്ന് സ്‌കോര്‍ 39 വരെയെത്തിച്ചു. 12-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്തിനെ (18) മടക്കിയ ഒഡീന്‍ സ്മിത്ത് ആറാം പന്തില്‍ കോലിയേയും (18) പുറത്താക്കി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുലും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോര്‍ 134-ല്‍ നില്‍ക്കേ 48 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത രാഹുല്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വൈകാതെ 83 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 64 റണ്‍സെടുത്ത സൂര്യകുമാറിനെ 39-ാം ഓവറില്‍ ഫാബിയാന്‍ അലന്‍ മടക്കി.
തുടര്‍ന്ന് 41 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെയും 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ദീപക് ഹൂഡയുടെയും ഇന്നിങ്‌സുകളാണ് ടീമിനെ 200 കടത്തിയത്.
ശാര്‍ദുല്‍ താക്കൂര്‍ (8), മുഹമ്മദ് സിറാജ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കെ.എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമായി. പരിക്കേറ്റ് കിറോണ്‍ പൊള്ളാര്‍ഡിന് പകരം നിക്കോളാസ് പുരനാണ് ടീമിനെ നയിക്കുന്നത്.