നേരത്തെ പരിശോധന നടത്തി കണ്ടെത്താവുന്ന കാൻസറുകൾ ഏതൊക്കെ?

0
439

ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ക്ലോസ് ദ് കെയർ ഗ്യാപ്’ എന്നതാണ്. അർബുദരഹിത ലോകത്തിനായുള്ള ശ്രമത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാവുക എന്നതാണ് പ്രധാനം.  കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർ കാൻസർ കെയറിന്റെ കാര്യത്തിൽ പിന്നാക്കം പോകരുത്. ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? ചികിത്സ എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച സംശയത്തിന് കൊച്ചി രാജഗിരി ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം മറുപടി നൽകുന്നു.

വീണ്ടും കോവിഡ് ശക്തമാകുമ്പോൾ മുതിർന്ന പൗരന്മാർക്ക് ആശങ്കയേറുകയാണ്. അർബുദം പോലുള്ള രോഗങ്ങളുടെ ചികിത്സയെ കോവിഡ് പലതരത്തിൽ ബാധിക്കുന്നുണ്ടോ? ഇതിനെ എങ്ങനെ മറികടക്കാം?

കാൻസർ രോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ആദ്യ രണ്ടു തരംഗങ്ങളേക്കാൾ ഇത്തവണ കൂടുതൽ പേർ കോവിഡ് ബാധിതരായിട്ടുണ്ട്.

ചികിത്സയ്ക്കിടെ കോവിഡ് ബാധിക്കുന്നവർക്ക് താൽക്കാലികമായി ചികിത്സ മുടക്കേണ്ടി വരും. അർബുദരോഗ ചികിത്സ പൂർത്തിയാക്കിയവർക്കും കോവിഡ് ബാധിക്കുന്നുണ്ട്. ചില അവസരങ്ങളിൽ കാൻസർ രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പേടിച്ച്  ആശുപത്രിയിൽ വരാൻ വിമുഖത കാണിച്ച് അസുഖം തീഷ്ണമാക്കുന്നുമുണ്ട്. അർബുദ ബാധിതർക്കു കോവിഡ് ബാധിക്കുമ്പോൾ ഗുരുതര പ്രശ്നങ്ങൾ ഇപ്പോൾ കാണിക്കുന്നില്ല എന്നത് ഏറെ ആശ്വാസകരം. അർബുദ ബാധിതർക്കു കോവിഡ് ബാധിച്ചാൽ അർബുദ ചികിത്സ മുടക്കുന്ന ദിവസങ്ങളുടെ എണ്ണം പോലും ഇപ്പോൾ കുറച്ചിട്ടുണ്ട്.

വളരെ പെട്ടെന്നു തന്നെ കോവിഡ് മുക്തരാകാൻ ഇവർക്കു കഴിയുന്നു എന്നതാണ് ഇതിനു കാരണം.

നിശ്ചിത ഇടവേളകളിലെ പരിശോധന പലരും മുടക്കുന്നത് സ്ഥിതി ആശങ്കാവഹമാക്കുന്നുണ്ടോ? ഇതിന് എങ്ങനെയാണു സുരക്ഷിതമായ രീതിയിൽ പരിഹാരം കാണാനാവുക?

കാൻസർ ചികിത്സയുടെ പ്രത്യേകത എന്തെന്നാൽ ചികിത്സ പൂർത്തീകരിച്ച ശേഷം ഫോളോ അപ് പരിശോധനകൾക്കായി രോഗികൾ പോകേണ്ടതുണ്ട്.  എന്നാൽ കോവിഡ് മൂലം യഥാസമയം ഫോളോ അപ് പരിശോധനകൾക്കു പോകാൻ പലരും വിമുഖത കാട്ടുന്നുണ്ട്.

മൂന്നു മുതൽ ആറു മാസത്തെ ഇടവേളകളിലാണു പരിശോധനകൾക്ക് പോകേണ്ടത്. മൂന്നു കാര്യങ്ങളാണു തുടർപരിശോധനകളിൽ ചെയ്യാവുന്നത്. ഒന്ന് – ക്ലിനിക്കൽ പരിശോധന, രണ്ട് – രക്ത പരിശോധന, മൂന്ന് – സ്കാനിങ്. ഫോളോ അപ് പരിശോധനകൾ ഒന്നോ രണ്ടോ മാസം നീട്ടിവയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ല. എന്നിരുന്നാലും രോഗികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തീർച്ചയായും നേരത്തെ ചികിത്സിച്ചിരുന്ന ഡോക്ടറെ കാണുക തന്നെ വേണം. വേണ്ടി വന്നാൽ സ്കാനിങ്ങും രക്ത പരിശോധനയും നടത്തി ഡോക്ടറെ കാണിക്കുകയോ അറിയിക്കുകയോ വേണം

സെർവിക്കൽ കാൻസർ പോലെ നേരത്തെ പരിശോധന നടത്തി കണ്ടെത്തിയാൽ പ്രതിരോധിക്കാൻ കഴിയുന്ന കാൻസറുകളെക്കുറിച്ച് ഇപ്പോഴും നമ്മുടെ ഇടയിൽ വേണ്ടത്ര ബോധവൽക്കരണം ഉണ്ടോ?

രക്തപരിശോധന വഴിയോ സ്കാനിങ് വഴിയോ കാൻസർ രോഗമുണ്ടെന്നു പറയാൻ കഴിയില്ലെന്ന കാര്യം അടിവരയിട്ട് പറയട്ടെ. സ്ക്രീനിങ് എന്ന ആശയത്തിന്റെ ലക്ഷ്യമെന്നു പറയുന്നത് രോഗലക്ഷണമൊന്നുമില്ലാത്തവർക്ക് കാൻസർ ഉണ്ടോ എന്നു തിരിച്ചറിയാം എന്നതാണ്. ഇവിടെ ഓർക്കേണ്ട ഒരു കാര്യം ഏതു കാൻസർ എന്നതിന് അനുസരിച്ച് സ്ക്രീനിങ്ങിനുള്ള രീതിയും വ്യത്യാസപ്പെട്ടിരിക്കും.

എല്ലാ കാൻസറും നമുക്ക് സ്ക്രീനിങ് വഴി കണ്ടു പിടിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു ചില നിബന്ധനകളുണ്ട്.

ഒന്ന് – കാൻസർ വളരെ സാധാരണമായി കാണുന്ന ഒന്നായിരിക്കണം.

രണ്ട് – ഈ കാൻസറിനു വേണ്ടിയുള്ള സ്ക്രീനിങ് രീതി ലഭ്യമായിരിക്കണം.

മൂന്ന് – ഈ സ്ക്രീനിങ് രീതി വഴി രോഗം ആരംഭത്തിൽ തന്നെ കണ്ടു പിടിക്കാൻ കഴിയണം.

നാല് – രോഗം ആരംഭത്തിൽ കണ്ടെത്തിയാൽ മികച്ച ചികിത്സ വഴി അതിജീവന സാധ്യത വർധിപ്പിക്കാൻ കഴിയുകയും േവണം.

നമ്മുടെ നാട്ടിൽ സ്ക്രീനിങ്ങിന് അനുയോജ്യമായ നാല് കാൻസറാണുള്ളതെന്നാണ് വിദഗ്ധാഭിപ്രായം.

ഒന്ന് – ബ്രെസ്റ്റ് കാൻസർ, രണ്ട് – സെർവിക്കൽ കാൻസർ, മൂന്ന് – കുടൽ കാൻസർ, നാല് – വായിലെ കാൻസർ. എന്നാൽ സ്ക്രീനിങ് രീതിക്കു സ്വീകാര്യത പൊതുവേ കുറവാണ്. ഇതിനു കാരണം ഈ ടെസ്റ്റുകൾ ആവർത്തിച്ചു ചെയ്യണം എന്നതാണ്. പലപ്പോഴും വർഷത്തിലൊരിക്കലോ, അഞ്ച് വർഷത്തിലൊരിക്കലോ, 10 വർഷത്തിലൊരിക്കലോ ഈ ടെസ്റ്റുകൾ ആവർത്തിക്കേണ്ടി വരും. സ്ക്രീനിങ് ടെസ്റ്റുകൾക്കുണ്ടാകുന്ന ചെലവ് ആളുകളെ ഇതിൽ നിന്ന് അകറ്റി നിർത്തുന്ന ഒന്നാണ്.

സ്ക്രീനിങ് ടെസ്റ്റുകളെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ല എന്നതും സത്യമാണ്. ഉദാഹരണത്തിനു മാമോഗ്രാം 50 വയസ്സിനു ശേഷം വർഷത്തിലൊരിക്കലോ രണ്ടു വർഷത്തിലൊരിക്കലോ  ചെയ്യണമെന്നു പറയുന്നത് പലർക്കും സ്വീകാര്യമായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾ എന്തെല്ലാമാണ് അർബുദരോഗിയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ?

അർബുദ രോഗി വീട്ടിൽ ഉണ്ടെങ്കിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം അവർക്ക് കോവിഡ് അണുബാധ ഉണ്ടാകാതെ നോക്കുക എന്നതാണ്.

അതു പോലെ തന്നെ അവർ കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാത്തവരാണെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷം വാക്സിനേഷൻ നടത്തുക എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് രോഗിക്കു നൽകേണ്ട മാനസിക പിന്തുണ. കോവിഡ് കാലഘട്ടം പലർക്കും വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കുന്നുണ്ട് എന്നതു ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.

അർബുദ രോഗിക്കു കോവിഡ് പിടിപെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കണം. അഥവാ പിടിപെട്ടാൽ എന്താണു ചെയ്യേണ്ടത്?

കോവിഡ് വരാതിരിക്കാനുള്ള മുൻകരുതലുകൾ മാസ്ക് ധരിക്കുക, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവയാണ്. ഇതെല്ലാം െചയ്താലും മാറിയ സാഹചര്യത്തിൽ അർബുദ രോഗികൾക്കു മറ്റു പലരെയും പോലെ കോവിഡ് പിടിപെട്ടേക്കാം. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചാൽ തന്നെ ഭയക്കേണ്ടതില്ല.നിങ്ങളെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരെയും അടുത്തുള്ള ആരോഗ്യ സംവിധാനത്തെയും അറിയിക്കണം. വീട്ടിൽ തന്നെ ഇരിക്കുന്നതു നന്നായിരിക്കും. നന്നായി വെള്ളം കുടിക്കുക, ഓക്സിജൻ അളവ് പരിശോധിക്കുക. അർബുദ രോഗിയായതു കൊണ്ടു തന്നെ ആശുപത്രിയിൽ അഡ്മിറ്റാകണം എന്നു ധരിക്കേണ്ടതില്ല. ആശുപത്രി ആവശ്യമുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണു നല്ലത്. ഒമിക്രോൺ ബാധയാണ് കൂടുതലായും കാണുന്നത് എന്നതിനാൽ കാൻസർ രോഗികളിലും വൈറൽ ഫീവർ പോലെ വന്നു പോകാം. കോവിഡ് വന്നു പോയ ശേഷവും ശ്വാസം മുട്ടലോ ഓക്സിജന്റെ അളവ് കുറയുകയോ ചെയ്താൽ ആശുപത്രിയിൽ പ്രവേശിക്കണം.

പലരുമിപ്പോൾ മോണോക്ലോണൽ ആന്റിബോഡി കുത്തിവയ്പെടുക്കണമെന്നു ഡോക്ടർമാരോട് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

കോവിഡിനെതിരെ ഒരു മാജിക് മരുന്നും ഇല്ല എന്ന കാര്യം എല്ലാവർക്കും അറിയാം. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുള്ള സാധ്യത കുറയ്ക്കും എന്ന പഠനത്തിൽ നിന്നാണ് മോണോക്ലോണൽ ആന്റിബോഡി കുത്തിവയ്പ് മരുന്നായി അവതരിച്ചത്. എന്നാൽ ഇത് ഡെൽറ്റാ വേരിയെന്റിനെതിരേയാണ് ഏറ്റവും ഫലപ്രദം എന്നാണ് മനസ്സിലാക്കുന്നത്. നമ്മുടെ നാട്ടിലിപ്പോൾ ഡെൽറ്റയാണോ ഒമിക്രോണാണോ വ്യക്തിക്കു പിടിപെട്ടിരിക്കുന്നതെന്നു തിരിച്ചറിയുക വിഷമകരമാണ്. അതു കൊണ്ടു തന്നെ ആന്റിബോഡി കോക്ടൈൽ കൊടുക്കുന്നതു കൊണ്ട് രോഗിക്കു മെച്ചമുണ്ടാകുമോ എന്ന കാര്യം ഇന്നത്തെ സാഹചര്യത്തിൽ പറയുക വിഷമകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here