ചൂടപ്പം പോലെ വിറ്റ് തീർന്ന് ഇന്ത്യ- പാക് ടി20 മത്സര ടിക്കറ്റുകൾ

0
276

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്കായി വലിയ ആവേശത്തോടെയാണ് ഇരുടീമുകളുടെയും ആരാധകർ കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ, ഓക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ വരുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളാണ് മണിക്കൂറുകൾ കൊണ്ട് വിറ്റ് തീർന്നത്.

ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന് മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനായിരുന്നു ജയം.

ഓസ്‌ട്രേലിയയിൽ അരങ്ങേറുന്ന ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന പുലർച്ചെ 6.30നാണ് ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചത്. 11.30 ആകുമ്പോഴേയ്ക്കും ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു. മത്സരത്തിന്റെ 60,000 ടിക്കറ്റുകൾ ഒറ്റയടിക്ക് തന്നെ വിറ്റു തീർന്നതായി ഓസ്‌ട്രേലിയൻ പത്രങ്ങളും വാർത്ത നൽകിയിരുന്നു. പൊതുജനങ്ങൾക്കുള്ള മത്സരത്തിന്റെ ടിക്കറ്റുകൾ തീർന്നതായി ഐസിസി ട്വീറ്റ് ചെയ്തിരുന്നു.

ഒക്ടോബർ 16 മുതൽ നവംബർ 13 വരെ നടക്കുന്ന ടൂർണമെന്റ് ഏഴ് വേദികളിലായാണ് നടക്കുന്നത്. മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ, അഡ്‌ലൈഡ്, ഗീലോംഗ്, ഹോബാർട്ട്, പെർത്ത് എന്നിവിടങ്ങളിലാണ് മത്സരം. നവംബർ 9ന് ഒന്നാം സെമിയും നവംബർ പത്തിന് രണ്ടാം സെമിയും നടക്കും. നവംബർ 13 ന് മെൽബണിലാണ് ഫൈനൽ.

LEAVE A REPLY

Please enter your comment!
Please enter your name here