സി പി എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന ആക്ഷേപം ഉയർന്ന കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അംഗത്വവും അധ്യക്ഷ പദവിയും ഒഴിഞ്ഞ് പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ബി.ജെ.പി ജില്ലാ നേതൃത്വത്തിൻ്റെ നീക്കം പാളുന്നു. അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രവർത്തകർ.
സി പി എമ്മുമായി സഹകരിച്ച് കാസർകോട് കുമ്പള പഞ്ചായത്തിൽ വിജയിച്ച സ്ഥിരം സമിതി അംഗത്വവും അധ്യക്ഷ പദവിയും ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം ബി ജെ പി അംഗങ്ങൾ രാജിവെച്ചു. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രവർത്തകനായ വിനു കൊലക്കേസ്സിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ സി പി എം പ്രവർത്തകനെ വിജയിപ്പിക്കാൻ പാർട്ടി അംഗങ്ങൾ വോട്ടിട്ട സംഭവമാണ് കാസർക്കോട് ബി ജെ പിയിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ ജില്ലാ കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു.