കാസർകോട് ബിജെപിയിലെ കലഹം; നേതാക്കളെ കായികമായി കൈകാര്യം ചെയ്യണമെന്ന ശബ്ദ സന്ദേശം പുറത്ത്

0
360

കാസർകോട്: ജില്ലയിൽ ബിജെപിയിലെ കലഹത്തിന്റെ തുടർച്ചയായി യുവ മോർച്ച മുൻ സംസ്ഥാന സെക്രട്ടറിയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പഴ്സനൽ സെക്രട്ടറിയെയും കായികമായി കൈകാര്യം ചെയ്യണമെന്നടക്കമുള്ള വോയ്സ് സന്ദേശങ്ങൾ പുറത്ത്. ജില്ലാ പ്രസിഡന്റ് അടക്കം അംഗമായ ഗ്രൂപ്പുകളിൽ ഇത്തരം ചർച്ചകളുയർന്നതോടെ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ വാട്സാപ് ഗ്രൂപ്പിൽ നിന്നു സ്വയം പുറത്തുപോയിരുന്നു. ജില്ലയിലെ ബിജെപിയിൽ ഇപ്പോഴുണ്ടായ കലഹം വാട്സാപ് ഗ്രൂപ്പുകളിലും ശക്തമാകുന്നു. ചില നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ സമൂഹമാധ്യമ ഗ്രൂപ്പുകളുടെ പ്രവർത്തനം.

ജില്ലാ, സംസ്ഥാന ചുമതലകളിലുള്ള ചില നേതാക്കളെ മാറ്റണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. എന്നാൽ ഏതാനും നേതാക്കളോടുള്ള വ്യക്തി വിരോധം മാത്രമാണ് ഇതിനു പിന്നിലെന്നാണ് മറുപക്ഷം ഉന്നയിക്കുന്നത്.  15 മാസം മുൻ‌പ് നടന്ന കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ് ഇപ്പോൾ വിവാദമായി ഉയർത്തിക്കൊണ്ടു വരുന്നതിനു പിന്നിൽ ഗൂഢ താൽപര്യമുണ്ടെന്നാണ് ഇവർ പറയുന്നത്. നേരത്തേ ചില നേതാക്കളെ ലക്ഷ്യമിട്ട് പാർട്ടിയിൽ കലഹത്തിന് ആസൂത്രണമൊരുക്കിയിരുന്നു. അവസരം നോക്കി നടന്ന ഇവർ യാതൊരു പ്രകോപനവുമില്ലാതെ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നുവെന്നാണ് നേതൃത്വം കരുതുന്നത്.

ഇല്ലാത്ത സിപിഎം ബന്ധം ആരോപിച്ച് ഇവർ കരുനീക്കുകയാണെന്നും നേതൃത്വം പറയുന്നു. നേരത്തേ ജില്ലാ കമ്മിറ്റിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട ഒരു നേതാവടക്കം ഇതിനു പിന്നിലുണ്ടെന്ന് ഇവർ‌ ചൂണ്ടിക്കാട്ടുന്നു. അച്ചടക്ക നടപടിയെത്തുടർന്നുള്ള ശത്രുത വ്യക്തി വിരോധത്തിലെത്തുകയായിരുന്നുവെന്നാണ് ആരോപണം. അതേ സമയം കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സിപിഎം–ബിജെപി കൂട്ടുകെട്ട് മാത്രമാണ് പ്രതിഷേധത്തിനു കാരണമെന്നാണ് മറുപക്ഷം വ്യക്തമാക്കുന്നത്. ‌

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ കെ.ശ്രീകാന്ത്, ഉത്തരമേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ്കുമാർ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ തുടങ്ങിയവരെയാണ് പ്രതിഷേധക്കാർ ഉന്നമിടുന്നത്. ഈ നേതാക്കൾക്കെതിരെ നടപടി ഉറപ്പാക്കാൻ വിഷയം സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കാനാണ് ഇവരുടെ നീക്കം.‌  ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബുവിനെ തടയാനുള്ള ശ്രമവും കുമ്പളയിൽ നടത്തിയിരുന്നു. നിലവിലെ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കാത്തത് ഇവരെ ക്ഷുഭിതരാക്കുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യക്തിപരമായി നേരിടണമെന്നും മറ്റൊരു സന്ദേശത്തിലുണ്ട്.

കുമ്പള സ്ഥിരം സമിതി തിരഞ്ഞെടുപ്പ് നിലപാടുകൾ പ്രാദേശികമായി മാത്രം സ്വീകരിച്ചതാണെന്നും നേതൃത്വത്തിനു പങ്കില്ലെന്നുമാണ് പ്രതിഷേധക്കാരെ അംഗീകരിക്കാത്തവർ പറയുന്നത്. രണ്ടു മാസം മുൻപുള്ള പുനഃസംഘടനയുമായി ബന്ധപ്പെട്ട്  ജില്ലാ വൈസ് പ്രസിഡന്റായ നേതാവ് 15 മാസം മുൻപുള്ള ഒരു സംഭവത്തിന്റെ പേരിൽ രാജിവച്ചതു തന്നെ പരിഹാസ്യമാണെന്ന് ഇവർ പറയുന്നു.   അണങ്കൂരിലെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യ ജില്ലാ നേതൃത്വത്തിന്റെ അവഗണനമൂലമാണെന്ന വാദം യാഥാർഥ്യവുമായി നിരക്കുന്നതല്ലെന്നും ഇവർ പറയുന്നു.  അതേ സമയം ‘കാസർകോട്ടെയും മഞ്ചേശ്വരത്തെയും വെള്ളക്കുപ്പായക്കാർ രാജിവച്ചാൽ മാത്രമേ മരിച്ചയാൾക്കു ശാന്തി കിട്ടൂ’ എന്നതടക്കമാണ് മറുപക്ഷത്തിന്റെ വാട്സാപ് ചർച്ചകൾ.

LEAVE A REPLY

Please enter your comment!
Please enter your name here