ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുന്നു. കർണാടക ഉഡുപ്പി മഹാത്മാ ഗാന്ധി കോളേജ് ക്യാമ്പസിലും ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികളുടെ പ്രതിഷേധം. കാവി തലപ്പാവും ഷാളുമണിഞ്ഞെത്തിയ സംഘപരിവാർ സംഘടനയിൽ പെട്ട വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. ഹിജാബ് നിരോധിക്കുംവരെ കാവി ഷാളും തലപ്പാവും ധരിക്കുമെന്നാണ് ഇവർ പറയുന്നത്.
ഒന്നാം വർഷ പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ അകത്ത് കയറ്റി എന്നാരോപിച്ചാണ് എബിവിപി അനുകൂല സംഘടനയിൽ പെട്ട വിദ്യാർഥികൾ കാവി ഷാളും തലപ്പാവും അണിഞ്ഞെത്തിയത്. അവർക്ക് മുമ്പിൽ പ്രിൻസിപ്പൽ ഗേറ്റ് അടക്കുകയായിരുന്നു. എന്നാൽ തങ്ങൾക്കും സമത്വം വേണമെന്നും ഈ വേഷം ധരിച്ചു കൊണ്ടുതന്നെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമാണ് ഇവർ പറയുന്നത്.
എന്നാൽ ഇത്രയും നാളും കോളേജിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കോളേജ് ഇറക്കിയിരിക്കുന്ന ഡയറിയിലൊക്കെ ഈ കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ച് കോളേജിൽ വരാമെന്ന് നിയമാവലിയിൽ പറയുന്നുണ്ട്. അതനുസരിച്ചാണ് തങ്ങൾ ഇത്രയും നാളും കോളേജിൽ വന്നിരുന്നത്. ഇപ്പോൾ ഈ പ്രശ്നം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾ പറയുന്നു.
#WATCH | Protests erupt at Mahatma Gandhi Memorial College in Udupi as students wearing hijab & another group of students wearing saffron stoles-headgears raise slogans on college campus.
Karnataka HC to hear a plea today against hijab ban in several junior colleges of state. pic.twitter.com/f65loUWFLP
— ANI (@ANI) February 8, 2022
അതേസമയം, കർണാടകയിലെ കുന്ദാപുരയിലെ സർക്കാർ പി.യു. കോളേജിലും ഹിജാബ് വിവാദം തലപൊക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ കാമ്പസിൽ കയറാൻ അനുവദിച്ചെങ്കിലും ഇവരെ ഇരുത്തിയത് പ്രത്യേക മുറിയിലാണെന്ന് ആരോപണമുണ്ട്. ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചുമില്ല. ഗേറ്റിനുപുറത്ത് ആളുകൾ കൂടുന്നത് ഒഴിവാക്കാനാണ് വിദ്യാർഥിനികളെ കാമ്പസിൽ കയറാൻ അനുവദിച്ചതെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഉത്തരവ് പ്രകാരം യൂണിഫോം നിർബന്ധമാണെന്നും ഹിജാബ് മാറ്റിയാൽ മാത്രമേ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കൂവെന്നും പ്രിൻസിപ്പൽ വിദ്യാർഥികളോട് പറഞ്ഞു. വിധി വന്ന ശേഷമേ വിദ്യാർഥികൾ വരേണ്ടതുള്ളൂവെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചതായി വിദ്യാർഥികൾ പറഞ്ഞു.