കര്‍ണാടകയിലെ ഹിജാബ് വിവാദം; പ്രതിഷേധവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ

0
347

ബെംഗളൂരു/ മാഡ്രിഡ്: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമമഴിച്ചു വിട്ടും സംഘര്‍ഷാന്തീക്ഷം സൃഷ്ടിച്ചും അക്ഷരാര്‍ത്ഥത്തില്‍ കര്‍ണാടകയെ കലാപ ഭൂമിയാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരിക്കലും നല്ലതിനല്ലെന്നും, വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാവുന്നുണ്ടെന്നും കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

അത്തരത്തില്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫ്രാന്‍സ് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമായ പോള്‍ പോഗ്ബയാണ് വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്.

ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പോള്‍ പോഗ്ബ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

മാധ്യമങ്ങള്‍ അടക്കം സമൂഹം മൗനം പാലിക്കുക ആണെന്നും പോഗ്ബ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നാണ് കോടതി പറഞ്ഞത്.

വിശാലബെഞ്ചാണ് ഹരജിയില്‍ ഇത്തരമൊരു ഇടക്കാല ഉക്കരവ് പുറപ്പെടുവിച്ചത്. നേരത്തെ, സിംഗിള്‍ ബെഞ്ചിന്റെ പരിധിയിലുണ്ടായിരുന്നു കേസ്, കോടതി വിശാല ബെഞ്ചിന് സമര്‍പ്പിക്കുകയായിരുന്നു.

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.

ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here