കന്യാല മുണ്ടോടിയില്‍ കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; കൊലപാതകമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

0
219

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയിലെ കവുങ്ങിന്‍തോട്ടത്തില്‍ ഒന്നരമാസം മുമ്പ് കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദ് എന്ന ശിവജി(35)ന്റെ മൃതദേഹമാണ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് പുറത്തെടുത്തത്.

കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥിന്റെ അനുമതിയോടെ പൊലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍, റവന്യൂ അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ്, എസ്.ഐ അന്‍സാര്‍ എന്നിവരും മൃതദേഹം പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കി. മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്റോയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിക്കുകയും മൃതദേഹപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച ഉച്ചയോടെ ലഭിച്ചു. കൊലപാതകമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. മുങ്ങിമരണമാണോ ഷോക്കേറ്റുള്ള മരണമാണോ സംഭവിച്ചതെന്നറിയണമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയക്ക് വിധേയമാക്കണം. ഇതിന്റെ പരിശോധനാറിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കും. അതിനുശേഷമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്നും പൊലീസ് വ്യക്തമാക്കി. ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം നടപടികള്‍ പാലിക്കാതെ കുഴിച്ചുമൂടിയതുമായി ബന്ധപ്പെട്ട് തോട്ടം ഉടമ അടക്കം 10 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നിലവില്‍ അസ്വാഭാവികമരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here