തൃശൂർ : ഓര്‍മയില്‍ ഭരതനൊപ്പം അന്തിയുറങ്ങി കെപിഎസി ലളിത. അന്തരിച്ച പ്രിയ നടി കെപിഎസി ലളിതയുടെ ഭൗതീക ശരീരം വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ സ്വവസതി ആയ ഓര്‍മയില്‍ സംസ്കരിച്ചു.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിനുശേഷമാണ് പ്രിയ നടിയുടെ ഭൗതീകദേഹം എങ്കക്കാട്ടേക്ക് കൊണ്ടുപോയത്. വടക്കാഞ്ചേരി നഗരസഭയില്‍ നൂറുകണക്കിനുപേര്‍ കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തൃശൂര്‍ ലളിതകലാ അക്കാദമി മന്ദിരത്തില്‍ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശത്തിനുവച്ചത്.
പ്രിയ നടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ചലച്ചിത്ര സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തു നിന്നെത്തിയത് ആയിരങ്ങള്‍. അന്ത്യം സംഭവിച്ച തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റിലും, ലായം കൂത്തമ്ബലത്തിലുമായിരുന്നു പൊതുദര്‍ശനം. ഞെട്ടലോടെയായിരുന്നു ചലച്ചിത്ര ലോകം കെ പി എ സി ലളിതയുടെ വിയോഗവാര്‍ത്ത കേട്ടത്.
മകന്‍ സിദ്ധാര്‍ത്ഥിന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വെച്ച് ഇന്നലെ രാത്രി 10.45 നായിരുന്നു കെ പി എ സി ലളിതയുടെ അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞ് ചലച്ചിത്രരംഗത്തെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫ്‌ലാറ്റിലേക്കെത്തിയത്.
താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യാ മാധവന്‍, മഞ്ജു പിള്ള, സംവിധായകരായ ജയരാജ്, ബി ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉള്‍പ്പടെ പ്രമുഖരും ഫ്‌ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രാവിലെ 8 മണിയോടെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. ഇവിടെയും നിരവധി പേരാണ് പ്രിയ നടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. മന്ത്രി സജി ചെറിയാന്‍ നേരിട്ടെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയും അദ്ദേഹം റീത്തര്‍പ്പിച്ചു. കെ പി എ സി ലളിതയുടെ വിയോഗം സിനിമാ സാംസ്‌ക്കാരിക ലോകത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു
താരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, വിനീത്, മനോജ് കെ ജയന്‍, ജനാര്‍ദ്ദനന്‍, നവ്യാ നായര്‍, ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്, കമല്‍, സിബി മലയില്‍, ലാല്‍ ജോസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്കുപുറമെ രാഷ്ട്രീയ സാമൂഹ്യ രംഗത്തു നിന്നുള്ളവരും നാട്ടുകാരുമുള്‍പ്പടെ നിറകണ്ണുകളോടെയാണ് കെ പി എ സി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 11 മണിയോടെ ലായം കൂത്തമ്ബലത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക