കാസർകോട് : ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടുപേർക്കെതിരേ കാപ്പ നിയമം ചുമത്തി. മഞ്ചേശ്വരം മൊറത്താണ സ്വദേശി മുഹമ്മദ് അസ്‌കർ (26), അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ തൊടുപ്പന്നം സ്വദേശിയായ മനോജ് (31) എന്നിവരെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
മൂന്നുവർഷത്തിനുള്ളിൽ ജില്ലയിലും പുറത്തുമായി തട്ടിക്കൊണ്ടുപോയി വിലപേശൽ, മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വെക്കൽ, ദേഹോപദ്രവം, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, കവർച്ച, പോലിസിനുനേരേ തോക്ക് ചൂണ്ടി അപായപ്പെടുത്താൻ ശ്രമം എന്നിവയടക്കം എട്ടോളം കേസുകളിൽ പ്രതിയാണ് മുഹമ്മദ് അസ്‌കർ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യാണ് മനോജിനെ ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയത്. മനോജിനെതിരേ പോലീസിനെ ആക്രമിച്ചതിനും നാടൻചാരായം വാറ്റിയതിനും അനധികൃതമായി മദ്യവില്പന നടത്തിയതിനും നാടൻതോക്ക് കൈവശം വെച്ചതമടക്കം അമ്പലത്തറ പോലീസ് സ്റ്റേഷനിലും ഹൊസ്ദുർഗ് എക്‌സൈസ്, പോലീസിലുമായി അഞ്ച് കേസുകളുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.